photo
ആറ്റുവാശേരി മണ്ഡപത്തിന് സമീപത്തുവച്ച് ബലൂൺ സിനിമ ചിത്രീകരിച്ചപ്പോൾ

പുത്തൂർ: ആറ്റുവാശേരിയുടെ സൗന്ദര്യക്കാഴ്ചകൾ പണ്ടേ സിനിമക്കാർ കൈക്കലാക്കി. മുകേഷിന്റെ കന്നിച്ചിത്രമായ 'ബലൂൺ' ഭൂരിഭാഗവും ചിത്രീകരിച്ചത് ആറ്റുവാശേരിയിലാണ്. ചന്തുവെന്ന കഥാപാത്രമായിരുന്നു മുകേഷിന്റേത്. മുത്തുക്കോയ തങ്ങളെന്ന കഥാപാത്രമായി മമ്മൂട്ടിയും ഇവിടുത്തെ നാട്ടിടവഴികളിലെത്തിയത് നാട്ടുകാരിപ്പോഴുമോർക്കുന്നു. ആറ്റുവാശേരിയിലെ പഴമയുടെ അടയാളംകൂടിയായ ഓലമേഞ്ഞ മണ്ഡപത്തിൽ മമ്മൂട്ടിയും മുകേഷുമൊക്കെ ഏറെനേരമിരുന്നിട്ടുണ്ട്.

ആറ്റുവാശേരി വീണ്ടും ച‌ർച്ചയായി

കൊല്ലത്തുകാരനായ മാദ്ധ്യമ പ്രവർത്തകൻ ബി.എ.രാജാകൃഷ്ണനായിരുന്നു ചിത്രം നിർമ്മിച്ചത്. അതുകൊണ്ടുതന്നെ മുകേഷിനും കൊട്ടാരക്കര ശ്രീധരൻ നായരുടെ മകൾ ശോഭാ മോഹനുമൊക്കെ പ്രത്യേക പരിഗണന ലഭിക്കുകയായിരുന്നു. ടി.വി.കൊച്ചുബാവ കഥയും തിരക്കഥയുമെഴുതിയ ചിത്രം സംവിധാനം ചെയ്തത് രവിഗുപ്തനാണ്. 1982 ജനുവരി 8ന് ചിത്രം തീയേറ്ററുകളിലെത്തി. അന്ന് പുത്തൂരിലെ തീയേറ്ററുകളിൽ നാടൊന്നടങ്കം ദിവസങ്ങളോളം ചിത്രം കാണാനെത്തിയിരുന്നു. കഴിഞ്ഞ ദിവസം 'സഞ്ചാരികളെ മാടിവിളിച്ച് ആറ്റുവാശേരി' എന്ന തലക്കെട്ടോടെ ആറ്റുവാശേരി ഗ്രാമത്തിന്റെ പഴയതും പുതിയതുമായ വിശേഷങ്ങൾ പങ്കുവച്ചപ്പോഴാണ് പഴയ സിനിമാ വിശേഷങ്ങളും ചർച്ചകളിൽ നിറഞ്ഞത്.

മമ്മൂട്ടിയുടെ ആക്സിഡന്റ്

സിനിമയുടെ ചിത്രീകരണത്തിനിടെ മമ്മൂട്ടിയ്ക്ക് ആറ്റുവാശേരിയിൽ വച്ച് ചെറിയൊരു ബൈക്കപകടം ഉണ്ടായതായി നാട്ടുകാരിൽ ചിലർ ഓർക്കുന്നു. കാര്യമായ പരിക്കേറ്റിരുന്നില്ല. മുകേഷ് പിന്നീട് പല പ്രസംഗങ്ങളിലും എഴുത്തിലും ഇന്റർവ്യൂവിലുമൊക്കെ ആറ്റുവാശേരി വിശേഷങ്ങൾ പറഞ്ഞിട്ടുമുണ്ട്.