കടയ്ക്കൽ പൊലീസ് കേസെടുത്തു

കൊല്ലം: സപ്ളൈകോ കടയ്ക്കൽ ഗോഡൗണിൽ നിന്ന് 2600 ചാക്ക് ഭക്ഷ്യധാന്യം കാണാതായ സംഭവത്തിൽ സപ്ലൈകോ വിജിലൻസ് ഓഫീസറുടെ നിർദ്ദേശ പ്രകാരം കടയ്ക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡെപ്യൂട്ടി റേഷനിംഗ് കൺട്രോളറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

താലൂക്ക് സപ്ലൈ ഓഫീസർ മാർച്ചിൽ നടത്തിയ പരിശോധനയിൽ എട്ട് ലോഡ് ഭക്ഷ്യധാന്യം കുറവുള്ളതായി കണ്ടെത്തിയിരുന്നു. മേയിൽ ഡെപ്യൂട്ടി റേഷനിംഗ് കൺട്രോളർ നടത്തിയ പരിശോധനയിൽ 13 ലോഡ് ഭക്ഷ്യധാന്യം കുറവുണ്ടെന്നും ബോദ്ധ്യമായി​. അതിന് പിന്നാലെ കഴിഞ്ഞമാസം ഓഫീസർ ഇൻ ചാർജ്ജ് അടക്കം ഗോഡൗണിലെ നാല് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. ഗുരുതരമായ ക്രമക്കേട് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ക്രിമിനൽ കേസ് എടുക്കുകയും ഭക്ഷ്യധാന്യം നഷ്ടമായ വഴി​ കണ്ടെത്താൻ നി​ർദ്ദേശി​ക്കുകയും ചെയ്തത്. എഫ്.സി.ഐയും സംസ്ഥാന സർക്കാരും റേഷൻകടകൾ വഴി വിതരണം ചെയ്യാൻ എത്തിച്ച ഭക്ഷ്യധാന്യമാണ് നഷ്ടമായത്.

ഉദ്യോഗസ്ഥരുടെ വിശദീകരണം

പലപ്പോഴായി കേടായ ഭക്ഷ്യധാന്യങ്ങൾ നശിപ്പിച്ചതിനാലാണ് സ്റ്റോക്കിൽ കുറവ് വന്നതെന്ന് ഗോഡൗണിലെ ഉദ്യോഗസ്ഥർ പറയുന്നു. ഭക്ഷ്യധാന്യങ്ങൾ കേടായാൽ ഡിപ്പോ മാനേജരെ അറിയിക്കണം. തുടർന്ന് ക്വാളിറ്റി മാനേജർ നടത്തുന്ന പരിശോധനയിൽ ഭക്ഷ്യധാന്യങ്ങൾ ഉപയോഗശൂന്യമാണെന്ന് കണ്ടെത്തിയാലേ നശിപ്പിക്കാവു. എന്നാൽ കടയ്ക്കൽ ഗോഡൗണിൽ ഇതൊന്നും നടന്നിട്ടില്ല.

കരി​ഞ്ചന്ത


റേഷൻ ഭക്ഷ്യധാന്യങ്ങൾ സംഭരിച്ച് പൊടിച്ച് വിൽക്കുന്ന സ്വകാര്യ ഏജൻസികൾക്കായി പലപ്പോഴായി കടത്തിയി​ട്ടുണ്ടെന്ന് കണ്ടെത്തി​. കടയ്ക്കൽ പൊലീസ് വൈകാതെ ഗോഡൗണിലെ ജീവനക്കാരെ ചോദ്യം ചെയ്യും. നിരീക്ഷണ ക്യാമറകൾ പരിശോധിച്ച് ഗോഡൗണിൽ വന്നുപോയ ലോറികൾ കേന്ദ്രീകരിച്ചും അന്വേഷണമുണ്ടാകും.

...............................

 നഷ്ടമായത് 13 ലോഡ് ഭക്ഷ്യധാന്യം
 ഒരു ലോഡിൽ 200 ചാക്ക്

 ആകെ 2600 ചാക്ക്