കൊല്ലം: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി സ്മൃതിയാത്ര 18ന് വൈകിട്ട് 3ന് ആനന്ദവല്ലീശ്വരത്ത് നിന്നു ചിന്നക്കടയിലേക്ക് നടത്താൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി നിർവാഹക സമിതി യോഗം തീരുമാനിച്ചു. തുടർന്ന് ചിന്നക്കടയിൽ അനുസ്മരണ യോഗവും നടത്തും. രാവിലെ 10ന് ഡി.സി.സി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണ ചടങ്ങും മുൻ കെ.പി.സി.സി പ്രസിഡന്റ് സി.വി. പത്മരാജൻ ഉദ്ഘാടനം ചെയ്യും.
ജില്ലയുടെ കിഴക്കൻ മേഖലയിൽ മാലിന്യ നിക്ഷേപ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള പിണറായി സർക്കാരിന്റെ തീരുമാനം പുനപരിശോധിക്കണമെന്നും നിർവാഹക സമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ ബിന്ദുകൃഷ്ണ, ശൂരനാട് രാജശേഖരൻ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ പഴകുളം മധു, എം.എം. നസീർ, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ, കെ.പി.സി.സി നിർവാഹക സമിതി അംഗം എ. ഷാനവാസ്ഖാൻ, എഴുകോൺ നാരായണൻ, പി. ജർമ്മിയാസ്, തൊടിയൂർ രാമചന്ദ്രൻ, ആർ. രാജശേഖരൻ, സൂരജ് രവി, നടുക്കുന്നിൽ വിജയൻ, എൽ.കെ. ശ്രീദേവി, ബിന്ദുജയൻ, ഡി. ചന്ദ്രബോസ് തുടങ്ങിയവർ സംസാരിച്ചു. ഏരൂർ സുഭാഷ് പ്രമേയം അവതരിപ്പിച്ചു.