നടപടി​ കേരളകൗമുദി​ വാർത്തയെത്തുടർന്ന്

കൊല്ലം: പോളയത്തോട് ആർ.ഒ.ബിക്ക് സ്ഥലമേറ്റെടുക്കാൻ അധി​കമായി​ ആവശ്യമുള്ള 1.08 കോടി​ രൂപ സർക്കാർ അനുവദി​ച്ചതോടെ, പണമില്ലാതെ സ്തംഭിച്ച പദ്ധതിക്ക് ജീവൻ വയ്ക്കുന്നു. സ്ഥലമേറ്റെടുക്കൽ വിജ്ഞാപനത്തിന്, അന്തിമമായി നീട്ടിനൽകിയ കാലാവധി അവസാനിക്കാറായിട്ടും പണം അനുവദിക്കാത്തത് ചൂണ്ടിക്കാട്ടി 'കേരളകൗമുദി' പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് നടപടി വേഗത്തിലായത്.

2022 ആഗസ്റ്റിലാണ് സ്ഥലമേറ്റെടുക്കാനുള്ള പ്രാഥമിക വിജ്ഞാപനം 11(1) കളക്ടർ പുറപ്പെടുവിച്ചത്. ഇതിറങ്ങി ഒരു വർഷത്തിനുള്ളിൽ, ഏറ്റെടുക്കുന്ന ഭൂമിയുടെ വിശദ വിവരങ്ങളും ഏറ്റെടുക്കുന്ന അളവും സംബന്ധിച്ച കൃത്യമായ വിവരങ്ങളടങ്ങിയ 19(1) വിജ്ഞാപനം പുറപ്പെടുവിക്കണമെന്നാണ് ചട്ടം. പക്ഷേ, സർക്കാർ അനുവദിച്ച പണം സ്ഥലമേറ്റെടുക്കലിന് തികയുമായിരുന്നില്ല. 19 (എ) വിജ്ഞാപനം പുറപ്പെടുവിക്കുമ്പോൾ നഷ്ടപരിഹാര വിതരണത്തിനുള്ള തുക, ഏറ്റെടുക്കൽ വിഭാഗത്തിന്റെ പക്കൽ ഉണ്ടായിരിക്കണമെന്ന് ചട്ടമുണ്ട്. ആദ്യം അനുവദിച്ച തുക തികയാത്തതിനാൽ 19 (1) വിജ്ഞാപനത്തിന്റെ കാലാവധി രണ്ട് തവണയായി ഒരു വർഷം നീട്ടി. ഇനി നീട്ടിനൽകില്ലെന്ന കർശന വ്യവസ്ഥയോടെ കഴിഞ്ഞ ഫെബ്രുവരിയിൽ നീട്ടിയ ആറ് മാസത്തെ കാലാവധി ആഗസ്റ്റിൽ അവസാനിക്കെയാണ് ഇപ്പോൾ പണം അനുവദിച്ചത്. പണം ലഭിച്ചിരുന്നില്ലെങ്കിൽ പ്രാഥമിക വിജ്ഞാപനം റദ്ദായി സ്ഥലമേറ്റെടുക്കൽ നടപടികൾ പുനരാരംഭിക്കേണ്ടി വരുമായിരുന്നു.

 സ്ഥലം ഏറ്റെടുക്കാൻ ആദ്യം അനുവദിച്ചത് 7.5 കോടി

 2023 ഒക്ടോബറിൽ 4.83 കോടി കൂടി അനുവദിച്ചു

 ഈ തുക തികയാത്തതിനാൽ സ്ഥലമേറ്റെടുക്കൽ സ്തംഭിച്ചു
 പുതുതായി അനുവദിച്ചത് 1.08 കോടി

 ആർ.ഒ.ബിക്ക് ആകെ അനുവദിച്ച തുക 31.41 കോടി
 നിർമ്മാണത്തിന് 18.11 കോടി

 സ്ഥലമേറ്റെടുക്കലിന് 13.41 കോടി

.....................................

പോളയത്തോട് ആർ.ഒ.ബി

 9 സ്പാനുകൾ

 ആകെ നീളം 348 മീറ്റർ

 വീതി 12 മീറ്റർ

 ഏറ്റെടുക്കുന്നത് 74.98 സെന്റ്

'' ഇരവിപുരം മണ്ഡലത്തിൽ കിഫ്ബിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ആറാമത്തെ ആർ.ഒ.ബിയാണ് പോളയത്തോട്ടിലേത്. ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതോടെ ഒരു തിരഞ്ഞെടുപ്പ് വാഗ്ദാനം കൂടി പാലിക്കപ്പെടുകയാണ്.""

എം. നൗഷാദ് എം.എൽ.എ