photo
ദേശീയപാതാ വികസനത്തിനായി പൊളിച്ച് നീക്കിയ കെട്ടിടങ്ങൾ

1200 ഓളം കടകൾ പൊളിച്ചുനീക്കി

4000 തൊഴിലാളികൾക്ക് തൊഴിൽ നഷ്ടം

6000 രൂപാ വെച്ച് 6 മാസം

പെട്ടിക്കട കച്ചവടക്കാർക്ക് 25000

കരുനാഗപ്പള്ളി: ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരി വ്യവസായികൾക്കും തൊഴിലാളികൾക്കും സർക്കാർ നൽകിയ ഉറപ്പുകളെല്ലാം വെള്ളത്തിൽ വരച്ച വരയായി. ജീവനോപാധികളും തൊഴിലും വരുമാന മാർഗ്ഗവും നഷ്ടപ്പെട്ട വ്യാപാരി വ്യവസായികളും അവരുടെ തൊഴിലാളികളും അന്നത്തിന് വക കണ്ടെത്താൻ ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്. സാമ്പത്തിക ബാദ്ധ്യതകളാൽ പല കുടുംബങ്ങളും കൂട്ട ആത്മഹത്യയുടെ വക്കിലാണ്. കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികൾക്കും തൊഴിലാളികൾക്കും സർക്കാർ ഉറപ്പ് നൽകിയ ആനുകൂല്യങ്ങൾ എത്രയും വേഗം നൽകണമെന്ന ആവശ്യമാണ് ഉയരുന്നത്.പൊളിച്ച് നീക്കപ്പെട്ട കെട്ടിടങ്ങളുടെ നഷ്ടപരിഹാര തുക പൂർണമായും കെട്ടിട ഉടമകൾക്കാണ് ലഭിച്ചത്. ലക്ഷങ്ങൾ മുടക്കി കട മുറികൾ ഫർണിഷിംഗ് നടത്തിയ വ്യാപാരികൾക്ക് ഒരു രൂപ പോലും നഷ്ടപരിഹാരമായി ലഭിച്ചില്ല. ഇക്കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് പുനരധിവാസ പാക്കേജ് നടപ്പാക്കാമെന്ന ഉറപ്പ് വ്യാപാരി സംഘടനകൾക്ക് നൽകിയത്.

അപേക്ഷ നൽകി കാത്തിരിക്കുന്നു

കരുനാഗപ്പള്ളിയിൽ 1200 ഓളം കടകൾ പൊളിച്ചുനീക്കിയപ്പോൾ 4000 തൊഴിലാളികൾക്കാണ് വരുമാനം നിലച്ചത്. തൊഴിൽ നഷ്ടപ്പെടുന്ന തൊഴിലാളികൾക്ക് 6000 രൂപാ വെച്ച് 6 മാസം നൽകുമെന്ന സർക്കാരിന്റെ ഉറപ്പും നടപ്പാക്കിയിട്ടില്ല. കരുനാഗപ്പള്ളി താലൂക്കിലെ പെട്ടിക്കട കച്ചവടക്കാർക്ക് 25000 രൂപാ നഷ്ടപരിഹരമായി നൽകുമെന്നും പറഞ്ഞിരുന്നു. പെട്ടിക്കടക്കാർ കരുനാഗപ്പള്ളി മുൻസിപ്പാലിറ്റി,താലൂക്കിലെ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ആനുകൂല്യത്തിനായി അപേക്ഷകൾ നൽകി.എന്നാൽ . അപേക്ഷകളുടെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് പോലും ആർക്കും അറിയില്ല.

ദേശീയ പാത വികസനത്തിനായി ഭൂമി ഏറ്റെടുത്തുപ്പോൾ നിലവിലുള്ള ദേശീയപാതയുടെ ഇരുവശങ്ങളിലുമുള്ള 1200 ഓളം വ്യാപാര വ്യവസായ സ്ഥാപനങ്ങളാണ് പൊളിച്ച് നീക്കിയത്.തൊഴിൽ സ്ഥാപനങ്ങൾ ഇടിച്ച് നിരത്തിയതോടെ കരുനാഗപ്പള്ളി താലൂക്കിൽ മാത്രമായി 4000 ത്തോളം തൊഴിലാളികൾക്കാണ് തൊഴിൽ നഷ്ടമായത്.

നിജാം ബഷി

സംസ്ഥാന വൈസ് പ്രസിഡന്റ്

യുണൈറ്റഡ് മർച്ചെന്റസ് ചെംബർ

തൊഴിൽ സ്ഥാപനങ്ങൾ നഷ്ടപ്പെടുന്ന വ്യാപരികൾക്കും തൊഴിലാളികൾക്കും അർഹമായ നഷ്ടപരിഹാരവും പുനരധിവാസ പദ്ധതികളും നൽകുമെന്ന് ചർച്ചയിൽ സർക്കാർ ഉറപ്പ് നൽകിയിരുന്നു.

കെ.ജെ. മേനോൻ

വ്യാപാര വ്യാവസായി ഏകോപന സമിതി

ജില്ലാ വൈസ് പ്രസിഡന്റ്