ചാത്തന്നൂർ: സ്വകാര്യ ബസ് യാത്രികയായ വൃദ്ധയുടെ ഒന്നര പവൻ മാല മോഷ്ടിച്ച തമിഴ്നാട് സ്വദേശി മീനാക്ഷിയെ (35) കണ്ണനല്ലൂർ സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടിയത്ത് നിന്നു കണ്ണനല്ലൂരിലേക്ക് പോകുകയായിരുന്ന തൃക്കോവിൽവട്ടം കിഴവൂർ സ്വദേശിനി സബീനാബീവിയുടെ (63) മാലയാണ് മോഷ്ടിച്ചത്. മോഷണം ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ യുവതിയെ തടഞ്ഞുവച്ച് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മീനാക്ഷിയിൽ നിന്ന് മാല പൊലീസ് കണ്ടെത്തി. ഇവർക്കെതിരെ മറ്റ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ടോ എന്ന് അന്വേഷിക്കുമെന്ന് കണ്ണനല്ലൂർ എസ്.എച്ച്.ഒ അറിയിച്ചു. പ്രതിയെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.