അഞ്ചൽ: അഞ്ചലിൽ പ്ലസ് വൺ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സഹപാഠികളായ നാല് വിദ്യാർത്ഥികൾക്കെതിരെ അഞ്ചൽ പൊലീസ് കേസെടുത്തു. അഞ്ചൽ വെസ്റ്റ് ഗവ. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയും വടമൺ സ്വദേശിയുമായ കുട്ടിയെ ആണ് ഇതേ സ്കൂളിലെ മറ്റ് നാല് കുട്ടികൾ ചേർന്ന് മർദ്ദിച്ചത്.

തിങ്കളാഴ്ച വൈകിട്ട് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകവെ വിദ്യാർത്ഥികൾ വഴിയിൽ കാത്ത് നിന്ന് മർദ്ദിക്കുകയായിരുന്നു. നാല് കുട്ടികളും ചേർന്ന് മർദ്ദിക്കുന്നത് മറ്റൊരുകുട്ടിയെ കൊണ്ട് വീഡിയോയി​ൽ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തു. മർദ്ദനമേറ്റ് അവശനായി റോഡരി​കിൽ കിടന്ന കുട്ടിയെ ഓടിക്കൂടിയ നാട്ടുകാരാണ് വീട്ടിലെത്തിച്ചത്. പിന്നീട് കുട്ടിയുടെ ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശി​പ്പി​ച്ചു. മർദ്ദനത്തിൽ കുട്ടിയുടെ തലയ്ക്കും വയറിനും സാരമായി പരുക്കേറ്റു. മർദ്ദി​ച്ചവരി​ൽ ഒരാൾ ഏതാനും നാൾ മുമ്പ് മറ്റൊരു കുട്ടിയെ ക്രൂരമായി മർദ്ദിച്ചിരുന്നു ഇതിന്റെ പേരിൽ ഒരു മാസം സസ്പെൻഷനിലുമായിരുന്നു. സംഭാവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ നാലുപേരെയും സ്കൂളിൽ നിന്നു പുറത്താക്കി.