killoor
നെടുവത്തൂരിന് സമീപം കിള്ളൂരിൽ ദേശീയ പാതയിലേക്ക് കാടും പടലും വളർന്നിറങ്ങുന്ന നിലയിൽ.

എഴുകോൺ : ദേശീയ പാതയോരത്ത് കാടും പടലും തിങ്ങി വളർന്ന് റോഡ് മൂടുന്ന അവസ്ഥയായി. നെടുവത്തൂരിന് സമീപം കിള്ളൂരിലാണ് പാതയിലേക്ക് കുറ്റിച്ചെടികളും വള്ളിപടർപ്പും വളർന്നിറങ്ങുന്നത്. നിലവിൽ അതിർത്തി വരകൾ കടന്നിട്ടുണ്ട്. വാഹനങ്ങളെയും കാൽനട യാത്രികരെയും ഒരു പോലെ ദുരിതത്തിലാക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥ. കാൽനടക്കാർക്ക് വേണ്ടി മാറ്റി വച്ചിരിക്കുന്ന ഭാഗം മുഴുവൻ ഇപ്പോൾ കാട് നിറഞ്ഞു. എഴുകോൺ നെടുമ്പായിക്കുളം റെയിൽവേ മേൽപ്പാലം മുതൽ കൊട്ടാരക്കര റെയിൽവേ മേൽപ്പാലം വരെ നിലവിൽ ഈ ബുദ്ധിമുട്ടുണ്ട്. രാത്രിയിൽ കാൽനട യാത്രികരെയാണ് കാട് ഏറെ ബുദ്ധിമുട്ടിക്കുന്നത്.

ചുമതല മെയിന്റനൻസ് വിഭാഗത്തിന്

ദേശീയ പാതയോരത്തെ കാടും പടലും മറ്റും മാറ്റി പാത സുഗമമാക്കേണ്ട ചുമതല ദേശീയപാത മെയിന്റനൻസ് വിഭാഗത്തിനാണ്. വാഹനങ്ങൾ സുഗമമായി പോകുന്നതിനൊപ്പം തന്നെ പ്രധാനമാണ് കാൽനടയാത്രക്കാരുടെ സൗകര്യവും. മിക്ക റോഡുകളിലും ഏറെ ബുദ്ധിമുട്ടാണ് പാതയോരത്ത് കൂടിയുള്ള കാൽനട യാത്ര. വാഹന തിരക്കുള്ള റോഡുകളിൽ ഇത് പലപ്പോഴും അപകടകാരണവുമാണ്.

പാതയോരത്തെ കാടും പടലും യഥാ സമയം നീക്കാത്തത് അധികൃതരുടെ അനാസ്ഥയാണ്. ഏറെ തിരക്കുള്ള അപകടകരമായ വളവുള്ള ഈ ഭാഗത്ത് അടിയന്തരമായി കാട് തെളിച്ച് യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കണം.
ബി.ശ്രീജിത്ത്കുമാർ
തുളസി സദനം,
വെൺമണ്ണൂർ