പുനലൂർ: ചരിത്ര സ്മാരകമായ പുനലൂർ തൂക്ക് പാലം കുറച്ചുകാലമായി അത്മഹത്യാമുനമ്പായി മാറുകയാണ്. പാലത്തിൽ നിന്ന് കല്ലടയാറ്റിൽ ചാടി ആത്മഹത്യ ചെയ്യുന്നുവരുടെ എണ്ണം വാർദ്ധിച്ചു. പാലത്തിന്റെ ഇരുവശങ്ങളിലും ഇരുമ്പ് വേലികൾ കെട്ടി സുരക്ഷിതമാക്കണമെന്നും സ്ഥലത്ത് കൂടുതൾ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. ഒരു വർഷം അര ഡസണോളം പേരാണ് തൂക്ക് പാലത്തിൽ നിന്ന് കല്ലടയാറ്റിൽ ചാടി മരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 10.30 ഓടെ പ്ലാച്ചേരി മുറിയന്തല സ്വദേശിനിയായ ഹണി(36)യാണ് അവസാനമായി തൂക്ക് പാലത്തിൽ നിന്ന് കല്ലട ആറ്റിൽ ചാടി ആത്മഹത്യ ചെയ്തത്. രണ്ടാഴ്ച മുമ്പ് തലവൂർ സ്വദേശിയായ തങ്കച്ചനും ആത്മഹത്യ ചെയ്തിരുന്നു.
ഇരുമ്പ് വലകളും ഗൈഡുകളും
തൂക്ക് പാലം സന്ദർശിക്കാൻ എത്തുന്ന വിനോദ സഞ്ചാരികൾക്ക് ഇടയിലൂടെ ആറ്റിൽ ചാടൻ എത്തുന്നവരെ ആരും ശ്രദ്ധിക്കാറില്ല. സംഭവം കഴിഞ്ഞ ശേഷമാകും എല്ലാവരും അറിയുന്നത്. തൂക്ക് പാലത്തിന്റെ ഭംഗി നഷ്ടപ്പെടാതെ പാലത്തിന്റെ രണ്ട് വശങ്ങളിലും പത്ത് അടി ഉയരത്തിൽ ഇരുമ്പ് വലകൾ സ്ഥാപിച്ച്, പുരുഷ ,വനിതാ ഗൈഡുകളെ നിയമിക്കുകയും ചെയ്താൽ ആത്മഹത്യ ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിയും.
വലിയ പാലവും സാക്ഷി
1877ൽ ബ്രിട്ടീഷ്കാരുടെ ഭരണ കാലത്ത് പണികഴിപ്പിച്ച തൂക്ക് പാലമാണ് ഇപ്പോൾ ടൂറിസ്റ്റുകളെയും പ്രദേശവാസികളെയും കടുത്ത ആശങ്കയിലാക്കുന്നത്. സംസ്ഥാന പുരാവസ്ത വകുപ്പിന്റെ നിയന്ത്രണത്തിലാണ് തൂക്ക് പാലം സ്ഥിതി ചെയ്യുന്നത്. തൂക്ക് പാലത്തോട് ചേർന്ന വലിയ പാലവും ഇതിനോടകം നിരവധി ആത്മഹത്യകൾ കണ്ടുകഴിഞ്ഞു. വലിയ പാലത്തിന്റെ രണ്ട് വശങ്ങളിലും ചെറിയ നടപ്പാത മാത്രമുള്ളതിനാൽ അവിടെ ഒരാൾ നിന്നാൽ മറ്റു കാൽ നട യാത്രക്കാർക്ക് ബുദ്ധിമുട്ടാകുകയും അവരെ മറ്റുള്ളവർ ശ്രദ്ധിക്കുകയും ചെയ്യും. അതാണ് തൂക്ക് പാലത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യാൻ പലരും എത്താൻ കാരണം.