കൊല്ലം: വൈദ്യുതി ലൈൻപൊട്ടിക്കിടക്കുന്നത് കെ.എസ്.ഇ.ബിയിൽ വിളിച്ചറിയിച്ച മയ്യനാട് ശാസ്താംകോവിൽ ഗവ. എൽ.പി.എസിലെ നാലാം ക്ലാസ് വിദ്യാർത്ഥി ഇഷാ മരിയയ്ക്ക് സമ്മാനവുമായി ഉദ്യോഗസ്ഥരെത്തി.
കഴിഞ്ഞദിവസം സ്കൂളിൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെത്തി മഴക്കാലത്ത് ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ക്ലാസ് എടുത്തിരുന്നു. ക്ലാസിനു ശേഷം, രക്ഷാപ്രവർത്തനത്തിന് വിളിക്കേണ്ട നമ്പരുകൾ അടങ്ങിയ നോട്ടീസ് വിതരണം ചെയ്തു. ഇതുമായി വീട്ടിലേക്ക് പോകുമ്പോഴാണ് വഴിയിൽ മരം വീണ് വൈദ്യുതി ലൈൻ പൊട്ടിക്കിടക്കുന്നത് കണ്ടത്. വീട്ടിലെത്തിയപ്പോൾ വൈദ്യുതിയില്ലാതെ വിഷമിക്കുന്ന മാതാപിതാക്കളെയാണ് ഇഷാ മരിയ കണ്ടത്. ഉടൻ തന്നെ അച്ഛന്റെ ഫോൺ വാങ്ങി തന്റെ കയ്യിൽ കരുതിയിരുന്ന നോട്ടീസിൽ നിന്ന് കെ.എസ്.ഇ.ബിയുടെ ടോൾഫ്രീ നമ്പറിലേക്ക് വിളിക്കുകയായിരുന്നു. മിനിട്ടുകൾക്കം കെ.എസ്.ഇ.ബിയിൽ നിന്ന് ഉദ്യോഗസ്ഥരെത്തി വൈദ്യുതി ലൈൻ തകരാർ പരിഹരിച്ചു. വിവരമറിഞ്ഞ ഉന്നത ഉദ്യോഗസ്ഥർ ഉഷാ മരിയയ്ക്ക് സമ്മാനവുമായി സ്കൂളിൽ എത്തുകയായിരുന്നു.
മയ്യനാട് കുറ്റിക്കാട് സ്വപ്നാലയത്തിൽ സ്വപ്നയുടെയും ബിജുവിനെയും മകളാണ് ഇഷാ മരിയ. സ്കൂൾപ്രഥമാദ്ധ്യാപിക സുലേഖ സ്കൂൾ പി.ടി.എ പ്രസിഡന്റ് ശ്യാം ഷാജി, അദ്ധ്യാപികമാരായ മഞ്ജു ഗോമാസ്, ഷെറിൻ, വത്സല, അനു, ധന്യ എന്നിവരും ഇശാ മരിയയെ അഭിനന്ദിച്ചു.