കൊല്ലം: അന്തി മയങ്ങിയാൽ കളക്ടറേറ്റ് ജംഗ്ഷൻ മുതൽ ഹൈസ്കൂൾ ജംഗ്ഷൻ വരെയുള്ള യാത്ര കൂരിരിട്ടിലൂടെയാവും. കയ്യിൽ വെളിച്ചമില്ലെങ്കിൽ വാഹനങ്ങളുടെ വെള്ളിച്ചം മാത്രമാവും ആശ്രയം.
ഇവിടെയുള്ള തെരുവ് വിളക്കുകൾ ഒന്നും തെളിയാത്തതാണ് കാൽനടയാത്രക്കാരെയും ഇരുചക്രവാഹന യാത്രികരെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. ആഴ്ചകളായി ഇതാണ് അവസ്ഥ. ആറ് തെരുവുവിളക്കുകൾ ഒന്നിച്ച് കണ്ണടച്ചു. സമീപത്തെ കടകളിൽ നിന്നും മറ്റും സ്ത്രീകളുൾപ്പെടെ നിരവധിപ്പേരാണ് ഇതുവഴി കടന്നുപോകുന്നത്. കടകളിൽ നിന്നുള്ള വെട്ടം കൂടി അണഞ്ഞാൽ ഇവിടം പൂർണമായും ഇരുട്ടിലാകും. ഇതോടെ, ഭയന്നാണ് ഇതുവഴിയുള്ള യാത്ര.
തെരുവുനായ ശല്യവും ഈ ഭാഗത്ത് രൂക്ഷമാണ്. ഇരുട്ടായതിനാൽ തെരുവുനായ്ക്കൾ നിൽക്കുന്നത് പെട്ടെന്ന് ശ്രദ്ധയിൽപെടില്ല. കുരച്ച് ചാടുമ്പോൾ പലരും ഒഴിഞ്ഞുമാറുന്നത് റോഡിലേക്കാണ്. തുരുതുരെ വാഹനങ്ങൾ കടന്നുപോകുമ്പോൾ ഇത്തരത്തിൽ ഒഴിഞ്ഞുമാറുന്നത് വലിയ അപകടങ്ങൾക്കാണ് വഴിവെയ്ക്കുന്നത്. റോഡിലെ കുഴിയും അപകട സാദ്ധ്യത കൂട്ടുന്നു. തെരുവ് നായ്ക്കളും റോഡിലെ കുഴിയും ഇരുചക്രവാഹന യാത്രികർക്കും ഒരുപോലെ ഭീഷണിയാണ്. ഇരുട്ടിൽ കുഴികളും പെട്ടെന്ന് ശ്രദ്ധയിൽപ്പെടില്ലെന്നാണ് യാത്രക്കാർ പറയുന്നത്.
അറ്റകുറ്റപ്പണി കോർപ്പറേഷന്
വിളക്കുകളുടെ അറ്റകുറ്റപ്പണികൾ കോർപ്പറേഷന്റെ ചുമതലയാണ്. കോർപ്പറേഷൻ കരാർ നൽകുന്നവരാണ് വിളക്കുകൾ തെളിക്കേണ്ടത്. കേബിളുകളുടെ തകരാർ കാരണമാണ് വിളക്ക് തെളിയാത്തതെന്നും പ്രശ്നത്തിന് പരിഹാരം കാണാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.