കരുനാഗപ്പള്ളി: എസ്.വി.മാർക്കറ്റ് - കരോട്ട് മുക്ക് റോഡിലൂടെ യാത്ര ചെയ്യാൻ പറ്റാതായി. റോഡിലും വശങ്ങളിലും ചെളിവെള്ളം കൊണ്ടുവന്ന് ഒഴിക്കുന്നത് യാത്രക്കാർക്കും നാട്ടുകാർക്കും ബുദ്ധിമുട്ടാകുന്നു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ടൗണിൽ പൈലുകൾ താഴ്ത്തുമ്പോൾ പുറത്തേക്ക് വരുന്ന ചെളിവെള്ളമാണ് കന്നേറ്റി പാലത്തിന് സമീപമുള്ള സ്ഥലങ്ങളിൽ ഒഴിക്കുന്നത്. എസ്.വി.മാർക്കറ്റ് റോഡ് ദേശീയപാതയിലേക്ക് കടക്കുന്നത് കരോട്ട് ജംഗ്ഷനിൽ വെച്ചാണ്. ദേശീയപാതയിലേക്ക് കടക്കുന്ന ഇവിടം താഴ്ന്ന് കിടക്കുന്നതിനാൽ ചെളിവെള്ളം റോഡിൽ കെട്ടി കിടക്കുന്നു. ഇതിലൂടെ കാൽനട യാത്രക്കാർക്ക് പോലും കടന്ന് പോകാൻ കഴിയുന്നില്ല. ചെളിക്കുണ്ടിലൂടെയാണ് വാഹനങ്ങളും കടന്ന് പോകുന്നത്. കരുനാഗപ്പള്ളി ടൗണിൽ 30 മീറ്റർ ദൂരത്തിൽ നിലവിലുള്ള ദേശീയപാതയുടെ ഇരുവശങ്ങളിലുമായി 48 പൈലുകളാണ് നിർമ്മിക്കേണ്ടത്. ഇതിൽ ഏതാനം പൈലുകളുടെ ഫൗണ്ടേഷൻ നിർമ്മാണം മാത്രമാണ് പൂർത്തിയായത്. ശേഷിക്കുന്ന പൈലുകളുടെ നിർമ്മാണം പുരോഗമിക്കുമ്പോൾ ചെളി വെള്ളത്തിന്റെ അളവും വർദ്ധിക്കും.
തിരക്കേറിയ റോഡ് , പക്ഷേ
കരുനാഗപ്പള്ളി മുൻസിപ്പാലിറ്റിയിലെ പ്രധാന റോഡുകളിൽ ഒന്നാണ് എസ്.വി.മാർക്കറ്റ് - കരോട്ട് മുക്ക് റോഡ്. കെ.എസ്.ആർ.ടി.സി, പ്രൈവറ്റ് ബസുകൾ ഉൾപ്പെടെ നൂറ്കണക്കിന് വാഹനങ്ങളാണ് ഇതു വഴി കടന്ന് പോകുന്നത്. ചവറ ഐ.ആർ.ഇയുടെ മൈനിംഗ് മേഖലകൂടിയാണ് കോഴിക്കോട്. കെന്നഡി മെമ്മോറിയിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, കോഴിക്കോട് ഗവ.എൽ.പി.എസ്, കണ്ണംമ്പള്ളി ദേവി ക്ഷേത്രം, ശിവക്ഷേത്രം തുടങ്ങിയവയെല്ലാം റോഡിന്റെ പരിധിയിൽ വരും.
30 മീറ്റർ ദൂരത്തിൽ
48 പൈലുകൾ
ജീവന് ഭീഷണി
രാത്രി സമയങ്ങളിൽ ടാങ്കർ ലോറികളിലാണ് ചെളിവെള്ളം കൊണ്ടുവന്ന് ഇവിടെ പമ്പ് ചെയ്യുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. റോഡിന്റെ തെക്ക് വശം ബലമുള്ള തിട്ട നിർമ്മിച്ച ശേഷം ചെളി വെള്ളം പമ്പ് ചെയ്താൽ റോഡിലേക്ക് ഒഴുകില്ല. നാട്ടുകാരും യാത്രക്കാരും വ്യാപാരികളും ബുദ്ധിമുട്ടിൽ നിന്ന് ഒഴിവാകും. രാത്രിയിൽ സൈക്കിളിലും ഇരുചക്ര വാഹനങ്ങളിലും പോകുന്നവർ ചെളിയിൽ പുതഞ്ഞ് നിലത്ത് വീണാൽ ജീവൻ തന്നെ അപകടത്തിലാകും. ചെളിവെള്ളം പമ്പ് ചെയ്യുന്നതിന് മുമ്പായി സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ചെളിവെള്ളം പൂർണമായും മറവ് ചെയ്യാനുള്ള ശാസ്ത്രീയമായ നടപടികൾ ബന്ധപ്പെട്ടവർ കൈക്കൊള്ളണം.
യാത്രക്കാർ