പടിഞ്ഞാറെകല്ലട : വെസ്റ്റ് കല്ലട ഫ്ലോട്ടിംഗ് സോളാർ പദ്ധതിയുടെ( പവർ പർച്ചേസ് എഗ്രിമെന്റ് )കരട് ധാരണ പത്രത്തിൽ കെ.എസ്.ഇ.ബി ലിമിറ്റഡും എൻ.എച്ച്.പി.സിയും തമ്മിൽ ഒപ്പുവെച്ചു. കഴിഞ്ഞദിവസം വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി,കോവൂർ കുഞ്ഞുമോൻ എം.എൽ.എ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ കെ.എസ്.ഇ.ബി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ , എൻ.എച്ച്.പി.സി,എക്സിക്യൂട്ടീവ് ഡയറക്ടർ(ആർ.ഇ ആൻഡ് ജി.എച്ച്) വിവേക് ആർ.ശ്രീ വാസ്തവയും തമ്മിലാണ് കരട് വൈദ്യുതി കൊടുക്കൽ വാങ്ങൽ സംബന്ധിച്ച് ഒപ്പുവച്ച കരാർ കൈമാറിയത്. ഊർജ്ജവകുപ്പ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ ഐ.എ.എസ്, കെ.എസ്.ഇ.ബി ഡയറക്ട റന്മാരായ വി.മുരുകദാസ് ,പി.സുരേന്ദ്രസജീവ് ,ജി.സജി,എൻ.എച്ച്.പി.സി അസിസ്റ്റന്റ് മാനേജർ ഷീജ തുടങ്ങിയവർ പങ്കെടുത്തു.
തർക്കം തീർന്നു
ഒരു യൂണിറ്റ് വൈദ്യുതിക്ക് 3.18 രൂപ വേണമെന്നായിരുന്നു എൻ.എച്ച്.പി.സിയുടെ നിലപാട്. 2.45 രൂപയിൽ കൂടുതൽ നൽകാനാകില്ലെന്ന് കെ.എസ്.ഇ.ബിയും നിലപാടെടുത്തതോടെയാണ് പദ്ധതി പ്രതിസന്ധിയിലായത്. ഇതിനിടെ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി, കോവൂർ കുഞ്ഞുമോൻ എം.എൽ.എ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിൽ കെ.എസ്.ഇ.ബി നിലപാടിൽ അയവ് വരുത്തുകയായിരുന്നു.
ഭൂവുടമകൾ ചേർന്ന് കമ്പനി
ചെളിയും മണലും കുഴിച്ചെടുത്ത് വെള്ളക്കെട്ടായ 350 ഏക്കറോളം സ്ഥലമാണ് 25 വർഷത്തെ പാട്ടക്കരാറിൽ എൻ.എച്ച്.പി.സി ഏറ്റെടുത്തിട്ടുള്ളത്. വെള്ളക്കെട്ടിന് മുകളിൽ ഫ്ലോട്ടും അതിന് മുകളിൽ സോളാർ പാനലും സ്ഥാപിച്ചാണ് വൈദ്യുതി ഉത്പാദനം. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭൂവുടമകളെ ഉൾപ്പെടുത്തി വെസ്റ്റ് കല്ലട നോൺ കൺവെൻഷണൽ എനർജി പ്രമോട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പനി രൂപീകരിച്ചാണ് പ്രവർത്തനം. കമ്പനിയിൽ കളക്ടർ, പഞ്ചായത്ത് പ്രസിഡന്റ്, കർഷക പ്രതിനിധി എന്നിവർ ഡയറക്ടർമാരാണ്.
പ്രതിദിന വൈദ്യുതി ഉത്പാദനം - 50 മെഗാവാട്ട്
ആകെ ഭൂമി - 350 ഏക്കർ
കർഷകരുടേത് - 250 ഏക്കർ
പഞ്ചായത്തിന്റേത് - 100 ഏക്കർ