കൊല്ലം: ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ വസൂരിച്ചിറയിലെ ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നുള്ള ശുദ്ധജലം അഞ്ചാലുംമൂട്, മൂന്നാംകുറ്റി മേഖലകളിൽ എത്തിക്കാനുള്ള പൈപ്പ് ലൈൻ ഇടുന്നത് സംബന്ധിച്ച മുട്ടാപ്പോക്കുകൾ അവസാനിപ്പിക്കാതെ ദേശീയപാത അതോറിട്ടി. രണ്ടു വർഷമായി ഇതാണ് അവസ്ഥ.
മുള്ളുവിള മുതൽ കാവനാട് വരെ 11 കിലോ മീറ്റർ നീളത്തിൽ പൈപ്പിടാനുള്ള 58 കോടിയുടെ പദ്ധതിക്ക് 38 കോടി ചെലവിൽ ഡക്ട് (പാത്തി) നിർമ്മിക്കാൻ നിർദ്ദേശിച്ചതാണ് ദേശീയപാത അതോറിട്ടിയുടെ (എൻ.എച്ച്.എ.ഐ) ഏറ്റവും ഒടുവിലത്തെ പണി! സ്ഥലമേറ്റെടുത്ത് നൽകണമെന്നതടക്കം 36 മാറ്റങ്ങളും നിർദ്ദേശങ്ങളുമാണ് രണ്ട് വർഷത്തിനിടെ എൻ.എച്ച്.എ.ഐ 11 കിലോ മീറ്റർ പൈപ്പ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നൽകിയത്. റോഡ് നിർമ്മിച്ചിട്ട് വെട്ടിപ്പൊളിക്കുന്ന സാഹചര്യം ഒഴിവാക്കാൻ, ദേശീയപാത വികസനം ആരംഭിക്കുന്നതിന് മുൻപ് 2022 ജൂലായിൽ വാട്ടർ അതോറിട്ടി അധികൃതർ പൈപ്പ് ലൈനിടുന്നതിന് ദേശീയപാത അതോറിട്ടിയോട് അനുമതി ആവശ്യപ്പെട്ടതാണ്. ഇതിനിടെ, രൂപരേഖയിലും സ്ഥാപിക്കുന്ന പൈപ്പുകളിലും അടക്കം പലവിധ മാറ്റങ്ങൾ നിർദ്ദേശിച്ചു. ഇതുപ്രകാരമുള്ള മാറ്റങ്ങളോടെ വീണ്ടും അപേക്ഷ സമർപ്പിക്കുമ്പോൾ പുതിയ നിർദ്ദേശങ്ങൾ നൽകും. ഇതിനിടെ, പൈപ്പ് ലൈൻ സ്ഥാപിക്കാൻ പുതുതായി സ്ഥലമേറ്റെടുക്കണമെന്ന വിചിത്ര നിർദ്ദേശവും എൻ.എച്ച്.എ.ഐയിൽ നിന്നും ഉണ്ടായി. ഇതിനിടയിൽ ജലവിഭവ വകുപ്പ് മന്ത്രിക്ക് പുറമേ എൻ.കെ. പ്രേമചന്ദ്രൻ എം.പിയും കളക്ടറും പലതവണ എൻ.എച്ച്.എ.ഐ അധികൃതരുമായി ചർച്ച നടത്തിയെങ്കിലും നിലപാടിൽ മാറ്റമുണ്ടായില്ല.
.............................
നിർദ്ദേശങ്ങൾ നിരവധി
2022 ജൂലായ്: ആദ്യ അപേക്ഷ
2023 ജനുവരി: സ്ഥലമില്ലെന്ന് പറഞ്ഞ് അനുമതി നിഷേധിച്ചു
2023 ഏപ്രിൽ: ചർച്ചകളെ തുടർന്ന് വീണ്ടും അപേക്ഷ
2023 ജൂലായ്: പൈപ്പിടൽ ദേശീയപാത കരാർ കമ്പനിയെ ഏൽപ്പിക്കാൻ ധാരണ
2023 ഒക്ടോബർ: വാട്ടർ അതോറിട്ടി കരാറുകാരനെ കൊണ്ട് സ്ഥാപിക്കാൻ പുതിയ നിർദ്ദേശം
2024 മേയ്: സർവീസ് റോഡ് പൂർത്തിയായെന്ന് പറഞ്ഞ് തടസവാദം
2024 ജൂൺ: 38 കോടിയോളം ചെലവ് വരുന്ന പാത്തി നിർമ്മിക്കാൻ നിർദ്ദേശം
പൈപ്പിടേണ്ട വഴി
9 കിലോ മീറ്റർ റോഡിലൂടെ
2 കിലോമീറ്റർ കായലിലൂടെ
100 മീറ്റർ റെയിൽവേ ക്രോസിംഗ്
..........................
മുള്ളുവിള- കാവനാട് പൈപ്പ് ലൈൻ സ്ഥാപിക്കാനുള്ള അപേക്ഷയിൽ എൻ.എച്ച്.എ.ഐ വൈരനിര്യാതന ബുദ്ധിയോടെയുള്ള നടപടികളാണ് സ്വീകരിക്കുന്നത്
വാട്ടർ അതോറിട്ടി അധികൃതർ