കൊല്ലം: സദാനന്ദപുരം അവധൂതാശ്രമത്തിലെ ക്ഷേത്ര പൂജയ്ക്ക് ആദിവാസി ഊരിൽ നിന്ന് പൂജാരി!. പാലക്കാട് അട്ടപ്പാടി അധ്വന്നൂർ ഊരിൽ നിന്നുള്ള ചന്ദ്രനാണ് (35) ആശ്രമ പൂജാരിയായത്.
അധ്വന്നൂർ കക്കി-നീലി ദമ്പതികളുടെ മൂന്ന് മക്കളിൽ മൂത്തയാളാണ് ചന്ദ്രൻ. ഊരിലെ മല്ലീശ്വരം കുടി ക്ഷേത്രത്തിലെ പൂജ നടത്തിവരുന്നത് കുടുംബാംഗങ്ങളാണ്. ഒരു നിയോഗംപോലെയാണ് ചന്ദ്രൻ സദാനന്ദപുരം അവധൂതാശ്രമത്തിലെത്തിയത്. പൂജാകാര്യങ്ങളിൽ പ്രാവീണ്യമുള്ളതിനാൽ ആശ്രമത്തിലെ സന്യാസിമാർ ഒപ്പം കൂട്ടി. ഇപ്പോൾ ആശ്രമത്തിലെ അഗസ്ത്യ ഭഗവാന്റെയും ലോക മുദ്രാദേവിയുടെയും സദാനന്ദ സ്വാമികളുടെയും ക്ഷേത്രങ്ങളിൽ മുഖ്യ പൂജാരിയാണ് ചന്ദ്രൻ.
മാസങ്ങൾക്ക് മുമ്പ് ഗവർണർ ഡോ. ആരിഫ് മുഹമ്മദ് ഖാനെത്തി സ്വാമികളുടെ നൂറാം ചരമ വാർഷികാചരണം ഉദ്ഘാടനം ചെയ്തിരുന്നു. വിവിധങ്ങളായ പരിപാടികൾ നടന്നുവരവെയാണ് ആശ്രമത്തിൽ ആദിവാസി വിഭാഗത്തിൽ നിന്ന് പൂജാരിയെത്തിയത്.
സ്വാമിമാർ ഒപ്പം കൂട്ടി
പൂജാകാര്യങ്ങൾ അറിയാവുന്നതിനാൽ ആശ്രമ സന്യാസിമാർ ഒപ്പം കൂട്ടി
എല്ലാവരുടെയും ചിന്തകളിൽ നിറയട്ടെ നവോത്ഥാനം
സ്വാമി സദാനന്ദ ജാതി സമ്പ്രദായത്തിനെതിരെ പോരാടിയ നവോത്ഥാന നായകൻ
ദളിതരെ വേദം പഠിപ്പിച്ച് സ്വാമി ചരിത്രം തിരുത്തി
ശ്രീമൂലം തിരുന്നാൾ മുന്നൂറ് ഏക്കർ ഭൂമിയാണ് ആശ്രമത്തിന് വിട്ടുനൽകിയത്
ആദിവാസി ഊരിൽ നിന്ന് ഒരാൾ ആശ്രമത്തിൽ പൂജാരിയായെത്തിയത് ഏറെ അഭിമാനമാണ്. സദാനന്ദ സ്വാമിയുടെ മഹാസമാധിയുള്ള ആശ്രമത്തിലും ക്ഷേത്രത്തിലും ആദിവാസി പൂജാരിയായെത്തിയത് ചരിത്ര നിയോഗമാണ്.
കെ.ആർ.രാധാകൃഷ്ണൻ
ആശ്രമം പി.ആർ.ഒ