ചവറ: പട്ടാപ്പകൽ വൃദ്ധയുടെ കണ്ണിൽ മുളക് പൊടി വിതറി, തള്ളി മറിച്ചിട്ട ശേഷം മാല പൊട്ടിച്ചു കടന്നുകളയാൻ ശ്രമിച്ച പ്രതിയെ മണിക്കൂറുകൾക്കകം നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടി.
ചവറ പുതുക്കാട് സ്വദേശി മുടിയിൽ കിഴക്കതിൽ (അബി)എന്ന് വിളിക്കുന്ന വിനീത് ക്ലീറ്റസ് (30) ആണ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് 2.45 ഓടെചവറ തെക്കുംഭാഗത്ത് തണ്ടളത്തുമുക്കിൽ ചായക്കട നടത്തുന്ന പടിഞ്ഞാറ്റതിൽ സരസ്വതി പിള്ള (70)യെ വെള്ളം ചോദിച്ചെത്തിയ പ്രതി ആക്രമിക്കുകയായിരുന്നു.
മർദ്ദനമേറ്റ സരസ്വതി പിള്ള ബഹളം വയ്ക്കുകയും മാലയുമായി ഓടിയ പ്രതിയുടെ വണ്ടിയുടെ പിറകെ ഓടുകയും ചെയ്തു. ധൃതിയിൽ വണ്ടിയെടുത്ത് കടന്നുകളയാൻ ശ്രമിച്ച പ്രതി വികലാംഗനായ മറ്റൊരു സ്കൂട്ടർ യാത്രികന്റെ സ്കൂട്ടർ ഇടിച്ചു നിലത്തുവീണു. സരസ്വതി പിള്ളബഹളം വെച്ച് നാട്ടുകാരെ കൂട്ടിയതോടെ പ്രതി സ്കൂട്ടർ ഉപേക്ഷിച്ചു ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ഓടിക്കൂടിയ നാട്ടുകാർ തെക്കുംഭാഗം പൊലീസിനെ അറിയിക്കുകയും പൊലീസും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തി 4 മണിയോടെ നടുവത്തുചേരി നല്ലപ്പലത്ത് കളരിക്ക് സമീപമുള്ള ഒരു വീടിന്റെ കുളിമുറിയിൽ ഒളിച്ചിരുന്ന പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു.