എഴുകോൺ : മൂലക്കട ജംഗ്ഷനിൽ നിന്ന് ദേശീയപാതയിലെ ഉയരം കൂടിയ ഭാഗത്തേക്ക് കയറുന്നതിനുള്ള പടിക്കെട്ടുകൾ തകർന്നിട്ട് മാസങ്ങളായി. അധികൃതർ തിരിഞ്ഞു നോക്കുന്നില്ല. മാസങ്ങൾക്ക് മുൻപ് ദേശീയപാതയിൽ നിന്ന് നിയന്ത്രണം വിട്ട ലോറി ഇടിച്ചിറങ്ങിയതിനെ തുടർന്നാണ് പടിക്കെട്ടുകൾ തകർന്നത്. തമിഴ്നാട്ടിൽ നിന്ന് മെറ്റലുമായി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ആർക്കും പരിക്കില്ലാത്തതിനാൽ കേസെടുക്കാതെയാണ് ലോറി സംഭവ സ്ഥലത്ത് നിന്ന് മാറ്റിയതെന്നാണ് അറിയുന്നത്. ലോറി ഉടമയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതിനുള്ള നടപടികൾ ദേശീയപാത അധികൃതരും സ്വീകരിച്ചിരുന്നില്ല.
ദേശീയപാതയിലേക്കുള്ള എഴുപ്പവഴി
1970 കളിൽ നിർമ്മിച്ച എഴുകോൺ ഓവർബ്രിഡ്ജ് റോഡിൽ അക്കാലം മുതൽ മൂലക്കട ജംഗ്ഷനിലെ കോവണി പാസേജും ഉണ്ടായിരുന്നു. മേൽപ്പാല റോഡിന് തറ നിരപ്പിൽ നിന്ന് ഏറ്റവും കൂടുതൽ ഉയരമുള്ള ഭാഗമാണിവിടം. ദേശീയ പാതയ്ക്ക് സമാന്തരമായുള്ള നെടുമൺകാവ് റോഡിലൂടെ വരുന്നവർക്കും ഈ ഭാഗത്തുള്ളവർക്കും ദേശീയപാതയോരത്തെ പോസ്റ്റോഫീസ് ജംഗ്ഷൻ ഭാഗത്തേക്കും മറ്റും പോകാൻ ജംഗ്ഷനിലെത്തി ചുറ്റാതെ ദേശീയപാതയിലേക്ക് പ്രവേശിക്കാനുള്ള മാർഗമായിരുന്നു പടിക്കെട്ടുകൾ.
വിഷയം ശ്രദ്ധയിൽ പെട്ടിരുന്നില്ല. ഇക്കാര്യം പരിശോധിച്ച് സത്വര നടപടി നിർദ്ദേശിക്കും.
ജോൺ കെന്നത്ത്
ദേശീയപാത എക്സി. എഞ്ചിനിയർ, കൊല്ലം.