dcc-

കൊല്ലം: രാജ്യത്തിന്റെ വിവിധ മേഖലകളിൽ ദളിതരോടും സ്ത്രീകളോടും കാട്ടുന്ന അക്രമം കേരളത്തിലും എത്തിയതിന്റെ ഫലമാണ് ആലപ്പുഴയിൽ ദളിത് സ്ത്രീയെ നടുറോഡിലിട്ട് മർദ്ദിച്ചതെന്ന് ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എ.കെ.ശശി പറഞ്ഞു. പിണറായി വിജയന്റെ ഭരണത്തിൽ കേരളത്തിലെ ദളിത് പീഡനങ്ങളും കൊലപാതകങ്ങളും വർദ്ധിച്ചു. നീതി നിഷേധിക്കപ്പെടുന്ന ജനവിഭാഗം നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലാണ്. അംബേദ്കറും അയ്യങ്കാളിയും ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യയിലെ പട്ടികജാതി-വർഗക്കാരുടെയും അവസ്ഥ ദയനീയമാകുമായിരുന്നു. സംഘടിത ശക്തിയിലൂടെ മാത്രമേ ഇതിനെ ചെറുക്കാൻ കഴിയൂ എന്ന് ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് എ.കെ.ശശി പറഞ്ഞു. ജില്ലാ പ്രസിഡന്റ് വെഞ്ചേമ്പ് സുരേന്ദ്രൻ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സി.കെ.രവീന്ദ്രൻ, കുണ്ടറ സുബ്രഹ്മണ്യം, രഞ്ജിനി സൂര്യകുമാർ, ജില്ലാ ഭാരവാഹികളായ മുഖത്തല ഗോപിനാഥൻ, സുലോചന നെല്ലിക്കുന്നം, ബൈജു ആലുവിള എന്നിവർ സംസാരിച്ചു.