കൊട്ടാരക്കര: കരീപ്ര പഞ്ചായത്തിൽ തളവൂർക്കോണത്ത് പ്ളൈ വുഡ് ഫാക്ടറി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ഉയരുന്നു. തളവൂർക്കോണം അങ്കണവാടിക്കും പകൽവീടിനും സമീപമാണ് ഫാക്ടറി സ്ഥാപിക്കാനുള്ള നീക്കം ആരംഭിച്ചിരിക്കുന്നത്. 120 ഓളം വീട്ടുകാർ തിങ്ങിപ്പാർക്കുന്ന ജനവാസ കേന്ദ്രത്തിനു സമീപമാണ് വളരെയധികം പരിസ്ഥതി പ്രശ്നങ്ങൾക്ക് കാരണമായേക്കാവുന്ന ഫാക്ടറിക്ക് നിർമ്മാണാനുമതി നൽകിയതെന്ന് പ്രദേശവാസികൾ പറയുന്നു.
അന്തരീക്ഷ മലിനീകരണവും വായു മലിനീകരണവും ശബ്ദ മലിനീകരണവും പ്രദേശവാസികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കാണിച്ച് നാട്ടുകാർ കരീപ്ര ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കും പ്രസിഡന്റിനും മറ്രു ബന്ധപ്പെട്ടവർക്കും നിവേദനം നൽകിയിട്ടുണ്ട്. തളവൂർക്കോണം പാട്ടുപുരയ്ക്കൽ ഏലായുടെ നിലനിൽപ്പ് തന്നെ നഷ്ടമാകുമെന്ന് ഏലാസമിതി ഭാരവാഹികൾ പറയുന്നു. ഇവിടെ പ്ളൈവുഡ് ഫാക്ടറി സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഏലാസമിതി പ്രവർത്തകർ കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്കും പരാതി നൽകിയിട്ടുണ്ട്.