പുനലൂർ: തെന്മല ഇക്കോ ടൂറിസം മേഖലയിലെത്തുന്ന സഞ്ചാരികൾ നിരാശയോടെ മടങ്ങുന്നു. ഇന്ത്യക്ക് പുറമെ വിദേശ വിനോദ സഞ്ചാരികൾ അടക്കമുള്ളവർ എത്തിയിരുന്ന ടൂറിസ്റ്റ് കേന്ദ്രത്തിൽ വർഷങ്ങളായി വികസനം നടക്കാത്തത് കാരണമാണ് സഞ്ചാരികളെ നിരാശരാക്കുന്നത്.
കാൽ നൂറ്റാണ്ട് മുമ്പ് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രിയായിരുന്ന ഇ.ചന്ദ്രശേഖരൻ നായരാണ് തെന്മല ഇക്കോ ടൂറിസം പദ്ധതിക്ക് തുടക്കമിട്ടത്.
ടൂറിസം ,ജലവിഭവം, വനം തുടങ്ങിയ വകുപ്പുകൾ സംയുക്തമായി ചേർന്ന് വിഭാവനം ചെയ്ത പദ്ധതിയാണ്
ആരംഭ ഘട്ടത്തിൽ തുടങ്ങി വച്ച പദ്ധതികൾ അല്ലാതെ കാര്യമായ വികസനങ്ങൾ ഒന്നും നടന്നിട്ടില്ല
അന്ന് തുടങ്ങിയ ബട്ടർ ഫ്ലൈ പാർക്ക്, ശിൽപ്പോദ്ധ്യാനം തുടങ്ങിയ ടൂറിസ്റ്റുകളെ ആകർഷിക്കുന്ന വിവിധ ഇനങ്ങൾ പൂർണമായും നശിച്ചു
അഡ്വഞ്ചർ സോൺ, എലിവേറ്റഡ് വാക്ക് വേ,പാർക്കുകൾ,ലഷർ സോൺ തുടങ്ങിയ വിവിധ പദ്ധതികളുടെ പുനരുദ്ധാരണ ജോലികൾ നടക്കുന്നില്ല
അസൗകര്യങ്ങളേറെ
തെന്മല കാണാൻ തുടക്കത്തിലുണ്ടായിരുന്ന ചാർജ്ജിന്റെ പത്തിരട്ടി തുകയാണ് ഇപ്പോൾ ടൂറിസ്റ്റുകളിൽ നിന്ന് ഈടാക്കുന്നത്. എന്നാൽ ഇവിടെ എത്തുന്ന വിനോദസഞ്ചാരികൾക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യം പോലും പദ്ധതി പ്രദേശങ്ങളിൽ ഇല്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ഇവിടെ നിന്ന് ലഭിക്കുന്ന വരുമാനം മറ്റ് സ്ഥലങ്ങളിൽ ചെലവഴിക്കുകയാണെന്ന പരാതിയും ഉണ്ട്. നിലവിൽ പള്ളം വെട്ടി എർത്ത് ഡാമിലെ ഉല്ലാസ ബോട്ട് യാത്രയും കുട്ടവഞ്ചി സവാരിയും വാട്ടർ ഫൗണ്ടനുമാണ് കാര്യമായ നിലയിൽ പ്രവർത്തിക്കുന്നത്.ഇവിടെ വിനോദ സഞ്ചാരികളുടെ വൻ തിരക്കാണ് ഓരോ ദിവസങ്ങളിലും അനുഭവപ്പെടുന്നത്.
മന്ത്രി ഉറപ്പ് നൽകി
കാലഘട്ടത്തിന് അനുസരിച്ച് പദ്ധതി പ്രദേശങ്ങളിൽ കാര്യമായ നിലയിൽ വികസന പ്രവർത്തനങ്ങൾ നടത്തിയാൽ സർക്കാരിന് കോടികൾ വരുമാനമായി ലഭിക്കും. എന്നാൽ ടൂറിസം രംഗത്ത് വലിയ മുന്നേറ്റം നടത്തി വരുന്ന കാലഘട്ടമായ ഇപ്പോൾ തെന്മല ഇക്കോ ടൂറിസം മേഖലയിൽ വികസനം ദുരിതപ്പെടുത്തിയാൽ വലിയ മാറ്റം ഉണ്ടാകുമെന്നും അതിന് പ്രത്യേകമായി ഒരു യോഗം വിളിച്ച് ചേർത്ത് തീരുമാനം എടുക്കണമെന്നും സ്ഥലം എം.എൽ.എയായ പി.എസ്.സുപാൽ ഇന്നലെ നിയമ സഭയിൽ ടൂറിസം മന്ത്രി റിയാസ് മുഹമ്മദിനോട് ആവശ്യപ്പെട്ടു. തെന്മല ഇക്കോ ടൂറിസം മേഖലയുടെ അനന്ത സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി മുന്നോട്ട് പോകുമെന്നും വിവിധ വകുപ്പുകളുടെ സംയുക്തയോഗം ഉടൻ വിളിച്ചു ചേർക്കുമെന്നും ടൂറിസം വകുപ്പ് മന്ത്രി എം.എൽ.എക്ക് ഉറപ്പും നൽകി.