കൊല്ലം: ജില്ലാ ആശുപത്രിയിലെ താത്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കണമെന്ന് എസ്.ഡി.പി.ഐ ജില്ലാ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ജില്ലാ ആശുപത്രിയിലെ താത്കാലിക നിയമനങ്ങളിൽ വൻ ക്രമക്കേട് നടക്കുന്നുവെന്നും ഭാരവാഹികൾ പറഞ്ഞു. 2020 മുതൽ ഹോസ്പിറ്റൽ മാനേജ്‌മെൻറ് കമ്മിറ്റി നടത്തിയ 258 നിയമനങ്ങളിൽ ഒന്ന് മാത്രമാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടത്തിയത്. ഉദ്യോഗാർത്ഥി നൽകിയ ഹർജിയിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി മാത്രമേ നിയമനം നടത്താവുയെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ആശുപത്രിയിലെ നിരവധി അഴിമതികൾ വിജിലൻസ് അന്വേഷണത്തിന്റെ പരിധിയിലാണ്. ഇക്കാര്യങ്ങൾ ഉന്നയിച്ച് എസ് ഡി പി ഐ ജില്ലാ കമ്മിറ്റി ഇന്ന് രാവിലെ 10.30 ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിലേക്ക് മാർച്ച് നടത്തും. പിൻവാതിൽ നിയമനങ്ങൾ റദ്ദാക്കി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി പുതിയ നിയമനങ്ങൾ നടത്തുക, ആശുപത്രി ഉപകരണങ്ങൾ വാങ്ങിയതിലെ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുക, മരുന്ന് ക്ഷാമം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. ജില്ലാ പ്രസിഡന്റ് ലത്തീഫ്, ജില്ലാ ജനറൽ സെക്രട്ടറി റിയാസ് കണ്ണനല്ലൂർ, ജില്ലാ വൈസ് പ്രസിഡന്റ് എ.കെ ഷരീഫ്, നുജും,കണ്ണൻ പട്ടത്താനം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.