കുലശേഖരപുരം- ക്ലാപ്പന പഞ്ചായത്തുകളുടെ പരിധിയിൽ
കരുനാഗപ്പള്ളി: വള്ളിക്കാവ് വാട്ടർ ജംഗ്ഷൻ - സെന്റ് ജോർജ്ജ് ദേവാലയം റോഡ് തകർന്ന് തരിപ്പണമായിട്ട് കാലങ്ങളായി. സഞ്ചാര യോഗ്യമാക്കണമെന്ന ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡും ക്ലാപ്പന ഗ്രാമപഞ്ചായത്തിലെ 12-ം വാർഡും ഈ റോഡിന്റെ പരിധിയിലാണ്. രണ്ട് ഗ്രാമപഞ്ചായത്തുകളും റോഡിന്റെ നവീകരണത്തിന് പണം അനുവദിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്
കുണ്ടും കുഴിയുമായി
കാലാകാലങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ റോഡ് കുണ്ടും കുഴിയുമായി മാറി. അമൃത എൻജിനീയറിംഗ് കോളേജ് ഉൾപ്പെടെ പതിനെട്ടോളം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് റോഡിന്റെ പരിധിയിലാണ്. പതിനായിരത്തിന് മേൽ വിദ്യാർത്ഥികളാണ് ഇവിടെയുള്ള വിവിധ കോളേജുകളിലായി പഠിക്കുന്നത്. തകർന്ന് കിടക്കുന്ന റോഡിലൂടെ വേണം വിദ്യാർത്ഥികൾ നടന്ന് കോളേജുകളിൽ എത്താൻ. മഴ സമയങ്ങളിൽ യാത്ര ദുഷ്ക്കരമായിരിക്കും. നിരവധി സ്കൂൾ വാഹനങ്ങളും മറ്റ് വാഹനങ്ങളും ഇതുവഴി പോകുന്നുണ്ട്. തീരദേശത്തുള്ളവർക്ക് പള്ളിക്കാവ് മാർക്കറ്റിൽ എത്തുന്നതിന് എല്ലാ വർഷവും അമൃത വിശ്വ വിദ്യാപീഠം റോഡിൽ അത്യാവശ്യം വേണ്ടുന്ന അറ്റകുറ്റപ്പണികൾ ചെയ്യാറുണ്ട്. അതുകൊണ്ട് മാത്രമാണ് റോഡ് ഇപ്പോഴും നിലനിൽക്കുന്നത്.
കണ്ണടച്ച് അധികൃതർ
വള്ളിക്കാവിന്റെ പടിഞ്ഞാറ് ഭാഗത്തുള്ളവർക്ക് വള്ളിക്കാവ് മാർക്കറ്റിൽ എത്തുന്നതിനും സെന്റ് ജോർജ്ജ് ദേവാലയത്തിൽ പോകുന്നതിനുമുള്ള എളുപ്പമാർഗ്ഗമാണിത്. തകർന്ന് കിടക്കുന്ന റോഡ് സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ ഗ്രാമപഞ്ചായത്തുകൾക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ നാട്ടുകാരുടെ പരാതികൾ അധികൃതർ ഇനിയും കൈക്കൊണ്ടിട്ടില്ല. ഓച്ചിറ ബ്ലോക്ക് പഞ്ചായത്തോ,ജില്ലാ പഞ്ചായത്തോ മുൻകൈയെടുത്ത് റോഡ് ടാർ ചെയ്ത് സഞ്ചാര യോഗ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
2 കിലോമീറ്ററോളം ദൈർഘ്യം വരുന്ന റോഡ് അവസാനമായി ടാർ ചെയ്തത് 2 പതിറ്റാണ്ട് മുമ്പ് അന്നത്തെ രാജ്യസഭാംഗമായിരുന്ന തെന്നല ബാലകൃഷ്ണപിള്ളയുടെയും കെ.കരുണാകരന്റെയും പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 17 ലക്ഷം രൂപാ ഉപയോഗിച്ചാണ്. ഇതിന് ശേഷം ഒരിക്കൽ പോലും റോഡിൽ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല.
ബാബു
പൊതു പ്രവർത്തകൻ