t

കൊല്ലം: ജൈവമാലിന്യം ശേഖരിച്ച് സംസ്കരിച്ച് സമ്മർദ്ദിത ബയോഗ്യാസ് നിർമ്മിക്കുന്ന, ഇൻഡോർ മാതൃകയിലുള്ള പ്ലാന്റ് കുരീപ്പുഴയിൽ സ്ഥാപിക്കാൻ കോർപ്പറേഷന്റെ ആലോചന. പദ്ധതിയുടെ വിശദരൂപരേഖ തയ്യാറാക്കുന്നതിന് മുന്നോടിയായി ആരോഗ്യ സ്ഥിരം സമിതിയുടെ നേതൃത്വത്തിലുള്ള സംഘം ഇൻഡോർ സന്ദർശിക്കും. മാലിന്യം ചീഞ്ഞുനാറുന്ന നഗരമെന്ന കൊല്ലത്തിന്റെ ചീത്തപ്പേര് വൈകാതെ മാറുമെന്നാണ് പ്രതീക്ഷ.

ഹോട്ടലുകൾ, വീടുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളാണ് നഗരത്തിൽ പലേടത്തും കുന്നുകൂടി അഴുകി അസഹ്യമായ ദുർഗന്ധം ഉയർത്തുന്നത്. ഇവ ഉറവിടങ്ങളിൽ നിന്നു സംഭരിച്ച് ഫെർമെന്റേഷന് വിധേയമാക്കി സമ്മർദ്ദിത ബയോഗ്യാസ് നിർമ്മിക്കുന്ന പദ്ധതിയാണ് കുരീപ്പുഴയിൽ ലക്ഷ്യമിടുന്നത്. പ്ലാന്റിൽ നിന്നു ലഭിക്കുന്ന സമ്മർദ്ദിത ബയോഗ്യാസ് വാഹനങ്ങൾക്ക് അടക്കം ഇന്ധനമായി ഉപയോഗിക്കാം.

5 കോടിയിൽ തീരും

സമ്മർദ്ദിത പ്രകൃതി വാതകം നിർമ്മിക്കുന്ന പ്ലാന്റിന് 5 കോടി മാത്രമാണ് ചെലവ്. പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കിയാൽ കോർപ്പറേഷന്റച ചെലവ് പകുതിയാവും. വരുമാനത്തിന്റെ വിഹിതവും ലഭിക്കും. ഇൻഡോറിൽ പദ്ധതി നടപ്പാക്കുന്ന സ്വകാര്യ കമ്പനിയുമായി കോർപ്പറേഷൻ അധികൃതർ വൈകാതെ ചർച്ച നടത്തും. പദ്ധതിക്ക് കേന്ദ്ര സർക്കാരിൽ നിന്നു സബ്സിഡി നേടിയെടുക്കാനുള്ള ശ്രമവും ആരോഗ്യ സ്ഥിരം സമിതിയുടെ നേതൃത്വത്തിൽ നടക്കും.

പദ്ധതി ആലോചനകൾ

 ജൈവമാലിന്യ ശേഖരണ ചുമതല ഹരിതകർമ്മസേനയ്ക്ക്

 ശേഖരിക്കാൻ വാഹനങ്ങൾ ഉപയോഗിക്കാം

 ലക്ഷ്യമിടുന്നത് 15 ടൺ ശേഷിയുള്ള പ്ലാന്റ്

 നഗരത്തിൽ പ്രതിദിനം 112.7 ടൺ ജൈവ മാലിന്യം
 പ്ലാസ്റ്റിക് മാലിന്യം 40 ടൺ
 ശേഖരിക്കുന്ന പ്ലാസ്റ്റിക് 20 ടൺ

കുരീപ്പുഴയിൽ വമ്പൻ ആർ.ആർ.എഫ്

കുരീപ്പുഴയിൽ ബയോ മൈനിംഗ് പൂർത്തിയായ സ്ഥലത്ത് പ്ലാസ്റ്റിക് വേർതിരിച്ച് സംഭരിച്ച് ബ്ലോക്കുകളാക്കുന്ന വമ്പൻ ആർ.ആർ.എഫും ലക്ഷ്യമിടുന്നുണ്ട്. ഹരിതകർമ്മസേനാംഗങ്ങൾ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്രിക് മാലിന്യം ശേഖരിക്കാനും സംഭരിക്കാനും നിലവിൽ ആവശ്യത്തിന് ഇടമില്ലാത്ത സ്ഥിതിയാണ്.