7 മീറ്റർ വീതി മാത്രം
1 കോടിയുടെ പദ്ധതി വെളിച്ചം കണ്ടില്ല
കൊട്ടാരക്കര: പുലമൺ പാലം തകർച്ചയിൽ, നവീകരണ പദ്ധതികൾ താളംതെറ്റി. ആൽമരം വളരുന്നത് വെട്ടിമാറ്റാൻ പോലും നടപടിയില്ല. കൊല്ലം-തിരുമംഗലം ദേശീയ പാതയും എം.സി റോഡും സംഗമിക്കുന്ന പുലമൺ കവലയോട് ചേരുന്നതാണ് പാലം. എപ്പോഴും വാഹനത്തിരക്കുള്ള പാലത്തിന് ശരിയായ അറ്റകുറ്റപ്പണികൾ നടത്താൻപോലും അധികൃതർ തയ്യാറാകാത്തത് വലിയ വിപത്തുകളെ ക്ഷണിച്ചുവരുത്തും.
നവീകരണ പദ്ധതി മുക്കി
കേന്ദ്ര ഉപരിതല ജലഗതാഗത മന്ത്രാലയം പുലമൺ പാലത്തിന്റെ നവീകരണത്തിനായി ഒരു കോടി രൂപ നേരത്തേ അനുവദിച്ചിരുന്നു. പാലം ഹൈടെക് സംവിധാനത്തിൽ കോൺക്രീറ്റ് ചെയ്യുന്നതും കൈവരികൾ പൊളിച്ച് നീക്കി പുതിയത് സ്ഥാപിക്കുന്നതുമടക്കം നടപ്പാക്കാനാണ് ലക്ഷ്യമിട്ടത്. എന്നാൽ അനുവദിച്ച തുക എങ്ങോട്ട് പോയെന്ന് ആർക്കുമറിയില്ല. നവീകരണ പദ്ധതിയ്ക്കായി തയ്യാറാക്കിയ ഫയലും റിപ്പോർട്ടുമെല്ലാം ഉറക്കത്തിലാണ്.
വീതി കുറവ്
ദേശീയ പാതയുടെ ഭാഗമാണെങ്കിലും പുലമൺ പാലത്തിന് 7 മീറ്റർ വീതിമാത്രമാണുള്ളത്. ദേശീയ പാത ആകുന്നതിന് പതിറ്റാണ്ടുകൾക്ക് മുൻപ് നിർമ്മിച്ചതാണ് പാലം. തുടർന്ന് വീതി കൂട്ടുന്നതിന് ഇരുവശത്തെയും സ്വകാര്യ ഭൂമി ഏറ്റെടുക്കേണ്ടി വരും. ഇതിനായി പ്രത്യേക പ്രോജക്ട് തയ്യാറാക്കിയതും വെളിച്ചം കണ്ടില്ല.