എഴുകോൺ: നിർദ്ധന കശുവണ്ടി തൊഴിലാളി കുടുംബത്തിന് സ്വന്തം വീടിന്റെ തണലൊരുക്കാൻ സി.ഐ.ടി.യു ജില്ലാ കമ്മിറ്റി. നെടുമ്പായിക്കുളം കാഷ്യു കോർപ്പറേഷൻ ഫാക്ടറി തൊഴിലാളിയായ എഴുകോൺ കൊച്ചാഞ്ഞിലിമൂട് അനന്ദു ഭവനിൽ ഷീലയ്ക്കാണ് സി.ഐ.ടി.യു വീട് ഒരുക്കുന്നത്.
തൊഴിലാളിക്കൊര് വീട് എന്ന സംഘടനയുടെ പദ്ധതിയുടെ ഭാഗമായാണ് വീട് നിർമ്മിക്കുന്നത്. ശിലാ സ്ഥാപനം ഇന്ന് ഉച്ചയ്ക്ക് 12ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും.
പോളിത്തീൻ ഷീറ്റ് മേഞ്ഞ കുടിലിലാണ് നിലവിൽ ഷീലയും കുടുംബവും കഴിയുന്നത്. ഭർത്താവ് ബാബു കൂലിപ്പണിക്കാരനാണ്. മകൻ അനന്ദുവും കശുവണ്ടി തൊഴിലാളിയാണ്. മകൾ അഹല്യ ബി.എസ്‌സി നഴ്സിംഗ് വിദ്യാർത്ഥിനിയാണ്. വർഷങ്ങൾക്ക് മുമ്പ് പട്ടികജാതി വികസന വകുപ്പിൽ നിന്ന് ലഭിച്ച ഭൂമിയിൽ തകിട് മേഞ്ഞ ഒരു വീട് നിർമ്മിച്ചിരുന്നു. എന്നാൽ അടച്ചുറപ്പില്ലാത്ത വീട് മഴയെടുത്തു. പിന്നീടാണ് പോളിത്തീൻ ഷീറ്റ് മേഞ്ഞ കുടിലിലേക്ക് മാറുന്നത്. ഇപ്പോൾ അനന്ദുവിന്റെ ഭാര്യയും കുഞ്ഞുമക്കളും ഉൾപ്പെടെ പരിമിതികൾ ഏറെയുള്ള ഈ ചെറിയ വീട്ടിലാണ് താമസം. സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചപ്പോൾ സാങ്കേതിക തടസങ്ങളിൽ കുടുങ്ങി. ഷീലയുടെ കുടുംബത്തിന്റെ ദുരവസ്ഥ മനസിലാക്കിയ സി.ഐ.ടി.യു ജില്ലാ നേതൃത്വം സംഘടനയുടെ ഭവന പദ്ധതിയിൽ ഇവരെ ഉൾപ്പെടുത്തുകയായിരുന്നു.
സി.ഐ.ടി.യു നേതാക്കളായ എസ്.ജയമോഹൻ, ബി.തുളസീധരകുറുപ്പ്, കെ.രാജഗോപാൽ, നെടുവത്തൂർ സുന്ദരേശൻ, മുരളി മടന്തകോട്, വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ തുടങ്ങിയവർ ശിലാസ്ഥാപന ചടങ്ങിൽ പങ്കെടുക്കും.
സംഘടനകളുടെ സഹായത്തിൽ തണലൊരുക്കും
നിർമ്മാണം വിവിധ സംഘടനകളുടെ സഹായത്തോടെ
സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ ആദ്യത്തെ വീടാണ് ഷീലയുടേത്
കെ.എസ്.എഫ്.ഇ സ്റ്റാഫ് യൂണിയന്റെ (സി.ഐ.ടി.യു) സഹായത്തോടെയാണ് നിർമ്മാണം
പദ്ധതിയിൽ ജില്ലയിൽ നിർമ്മിക്കുക
10 വീടുകൾ
വിവിധ തൊഴിൽ മേഖലകളിലെ സി.ഐ.ടി.യു സംഘടനകളുടെ സഹായത്തോടെയാണ് ഭവന പദ്ധതി നടപ്പാക്കുന്നത്.
എസ്.ജയമോഹൻ
ജില്ലാ സെക്രട്ടറി, സി.ഐ.ടി.യു