കൊല്ലം: മൊബൈൽ മോഷണക്കേസിൽ പിടിയിലായ പ്രതിയുടെ പക്കൽ നിന്ന് കഞ്ചാവ് കണ്ടെടുത്തു. കൊല്ലം വെസ്റ്റ് വില്ലേജിൽ കോട്ടമുക്ക് വിദ്യാനഗർ എസ്.വി ഭവനിൽ വിജയ് ആണ് (29) കൊല്ലം വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. 11ന് രാത്രി 9.30 നായിരുന്നു സംഭവം.
കുരീപ്പുഴ നെല്ലിമുക്കിൽ പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പിൽ മരുന്ന് വാങ്ങാൻ എത്തിയ കൊല്ലം വെസ്റ്റ് വില്ലേജിൽ കുരീപ്പുഴ ഗോപിനാഥം വീട്ടിൽ ഷിബുവിന്റെ (53) മൊബൈൽ ഫോണാണ് മോഷ്ടിച്ചത്.
സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷ്ടാവിനെ കണ്ടെത്തിയത്. പൊലീസ് മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടി.
അക്രമാസക്തനായ പ്രതിയുടെ പക്കൽ നിന്ന് 15 ഗ്രാം കഞ്ചാവും കണ്ടെടുത്തു. കൊല്ലം വെസ്റ്റ് സബ് ഇൻസ്‌പെക്ടർ അനീഷിന്റെ നേതൃത്വത്തിൽ എസ്.ഐ ഹസൻകുഞ്ഞ്, എസ്.സി.പി.ഒ മാരായ സുമേഷ്, ദീപു, സി.പി.ഒ മാരായ അനിൽ, വിനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.