തൊടിയൂർ: ഗ്രാമ പഞ്ചായത്ത് പുലിയൂർ വഞ്ചി മേക്ക് ഒന്നാം വാർഡിൽ നടക്കുന്ന
ഉപ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി സമർപ്പിച്ചിരുന്ന നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടന്നു. പത്രിക പിൻവലിക്കുന്നതിനുള്ള തീയതി 15 ആണ് . ജബ്ബാർ വെട്ടത്തയ്യത്ത്
(എൽ.ഡി.എഫ്), നജീബ് മണ്ണേൽ (യു.ഡി.എഫ്), നാസർ കുരുടന്റയ്യത്ത്
(എസ്.ഡി.പി.ഐ), കെ.സി.മണി (എൻ.ഡി.എ) എന്നിവരാണ് മത്സര രംഗത്തുള്ളത്. പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന സി.പി.എമ്മിലെ സലീം മണ്ണേലിന്റെ നിര്യാണത്തെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 23 അംഗ പഞ്ചായത്തിൽ എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും അംഗങ്ങളുടെ എണ്ണം 11 വീതമായി. എൽ.ഡി.എഫ് വിജയിച്ചാൽ ഭരണം നിലനിറുത്താനും
നറുക്കെടുപ്പിലൂടെ വൈസ് പ്രസിഡന്റായ കോൺഗ്രസിലെ തൊടിയൂർ വിജയനെ
സ്ഥാനത്തുനിന്ന് ഒഴിവാക്കാനും കഴിയും. യു.ഡി.എഫിനാണ് വിജയമെങ്കിൽ എൽ.ഡി.എഫ് ഭരണത്തിൽ നിന്ന് പുറത്താകും. എസ്.ഡി.പി.ഐ, എൻ.ഡി.എ സ്ഥാനാർത്ഥികളിലാരെങ്കിലുമാണ് വിജയിക്കുന്നതെങ്കിൽ അവരായിരിക്കും പഞ്ചായത്ത് ഭരണത്തിന്റെ ഭാവി നിർണയിക്കുന്നത്. 30നാണ് തിരഞ്ഞെടുപ്പ്. 31ന് ഫലം പ്രഖ്യാപിക്കും.
സഹ.സംഘം അസി.രജിസ്ട്രാർ (ജനറൽ) ഉണ്ണിക്കൃഷ്ണനാണ് റിട്ടേണിംഗ് ഒഫീസർ.