അഞ്ചൽ: യുവാവിനെ നാലംഗ സംഘം വെട്ടിപരിക്കേൽപ്പിച്ചു.അഞ്ചൽ വടമൺ സ്വദേശി സുജീഷ് (31) നാണ് വെട്ടേറ്റത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ വടമൺ വഞ്ചിമുക്കിൽ കടയുടെ മുന്നിൽ നിന്ന സുജീഷിനെ കാറിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. കാലിനും തലയ്ക്കും പരിക്കേറ്റ സുജിഷിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ നൂറനാട് സ്വദേശി കണ്ണൻ എന്ന് വിളിക്കുന്ന രാജേഷ് ഉൾപ്പെടെ നാല് പേർക്കെതിരെ അഞ്ചൽ പൊലീസ് കേസെടുത്തു. രാജേഷ് മുമ്പ് വടമൺ ക്ഷേത്രത്തിൽ ജോലി ചെയ്തിരുന്നു. ഈ സമയം ഇവർ തമ്മിലുള്ള പ്രശ്നങ്ങളാണ് ആക്രമണത്തിന് പിന്നിൽ എന്ന് പറയുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി എസ്.ഐ പ്രതിഷ്കുമാർ പറഞ്ഞു.