കൊല്ലം: സംസ്ഥാന സർക്കാരിന്റെ നിർവഹണ ഏജൻസിയായ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപ്പറേഷനും (ആർ.ബി.ഡി.സി.കെ) റെയിൽവേയും തമ്മിലുള്ള തർക്കം മൂലം, നാലര മാസമായി ഇരവിപുരം റെയിൽവേ മേൽപ്പാലം (ആർ.ഒ.ബി) നിർമ്മാണം സ്തംഭനത്തിൽ. കുണ്ടും കുഴിയും നിറഞ്ഞ ഇടറോഡുകളിലൂടെ സഞ്ചരിച്ച് ജനങ്ങൾ ദുരിതത്തിലായിട്ടും യാതൊരു നടപടിയും ഉണ്ടാവുന്നില്ല.
ആർ.ഒ.ബിയുടെ റെയിൽവേ ലൈനിന് മുകളിലുള്ള ഭാഗം റെയിൽവേയുടെ കരാറുകാരനും ഇരുവശങ്ങളിലുമുള്ള നിർമ്മാണം സംസ്ഥാന സർക്കാർ ഏജൻസിയായ ആർ.ബി.ഡി.സി.കെയുടെ കരാറുകാരനുമാണ് ചെയ്യുന്നത്. റെയിൽവേ ലൈനിനോട് ചേർന്നുള്ള പൈലുകൾ, പൈൽ ക്യാപ്പുകൾ, പിയർ, പിയർ ക്യാപ്പുകൾ എന്നിവയുടെ നിർമ്മാണം പൂർത്തിയായി. മൂന്ന് സ്പാനുകളുടെ ഗർഡറുകളും സ്ലാബുകളും സ്ഥാപിക്കലാണ് ബാക്കിയുള്ളത്. ഇവ പൂർത്തിയാക്കാൻ റെയിൽവേ ഇരുവശങ്ങളിലെയും നിർമ്മാണം തടഞ്ഞുവെന്നാണ് ആർ.ബി.ഡി.സി.കെ പറയുന്നത്. എന്നാൽ നിർമ്മാണ സാമഗ്രികൾ കൊണ്ടുവരുന്നതിന് തടസമുണ്ടാകാതിരിക്കാൻ ഒരു വശത്തെ സർവ്വീസ് റോഡിന്റെ നിർമ്മാണം മാത്രമേ തടഞ്ഞിട്ടുള്ളുവെന്നാണ് റെയിൽവേയുടെ വിശദീകരണം.
പള്ളിമുക്ക് ഭാഗത്ത് വരുമ്പോൾ ഇടത് വശത്തെ റീട്ടെയിനിംഗ് വാൾ, അപ്രോച്ച് റോഡ്, ഗർഡറുകൾക്ക് മുകളിലുള്ള സ്പാനുകൾ എന്നിവയാണ് ഇരുവശങ്ങളിലും ബാക്കിയുള്ളത്. ഇതിൽ അപ്രാച്ച് റോഡ് നിർമ്മാണവും സ്ലാബുകൾ സ്ഥാപിക്കലും ആർ.ബി.ഡി.സി.കെയ്ക്ക് മുന്നോട്ടുകൊണ്ടുപോകാമെങ്കിലും റെയിൽവേയെ കുറ്റം പറഞ്ഞ് പണി നിറുത്തിവച്ചിരിക്കുകയാണ്. പ്രശ്ന പരിഹാരത്തിന് ജനപ്രതിനിധികളുടെ ഭാഗത്ത് നിന്നും കാര്യമായ ഇടപെടലുകൾ ഉണ്ടാകുന്നില്ല.
വല്ലാത്ത ദുരിതം
നിർമ്മാണത്തിനായി ലെവൽ ക്രേസ് അടച്ചിട്ട് 3 വർഷം
ഇടറോഡുകളിൽ കുണ്ടും കുഴിയും
രാത്രിയിൽ വെളിച്ചമില്ല
പ്രദേശവാസികൾക്ക് വൻ സമയ നഷ്ടം
നാലരമാസമായി റെയിൽവേയുടെ നിർമ്മാണമില്ല
എട്ട് മാസം മുൻപ് ആർ.ബി.ഡി.സി.കെ പണി നിർത്തി
പൂർത്തിയാകാൻ ഇനിയും 9 മാസം
ഇടറോഡുകളിലൂടെ സഞ്ചരിച്ച് ഇരവിപുരത്തെ ജനങ്ങൾ കഴിഞ്ഞ മൂന്ന് വർഷമായി കടുത്ത ദുരിതമാണ് അനുഭവിക്കുകയാണ്. എം.പിയും എം.എൽ.എയും കൗൺസിലർമാരും അനങ്ങാപ്പാറ സമീപനത്തിലാണ്. ഇടറോഡുകളും വെട്ടിപ്പൊളിച്ച് കുളമാക്കിയിരിക്കുകയാണ്. ജനപ്രതിനിധികളുടെ നിസംഗതയ്ക്കെതിരെ പൗരസമിതി രൂപീകരിച്ച് പ്രക്ഷോഭം ആരംഭിക്കും
മുരുകേശൻ യവനിക (സെക്രട്ടറി, എസ്.എൻ.ഡി.പി യോഗം 589-ാം നമ്പർ വാളത്തുംഗൽ ശാഖ)