കൊല്ലം: നഗരത്തിൽ ഉൾപ്പെടെ ജില്ലയിലെ മിക്കയിടങ്ങളിലും ഇന്നലെ പുലർച്ചെ മുതൽ ശക്തമായ മഴ ലഭിച്ചു. മഴ കനത്തതോടെ മിക്ക റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.
കാര്യമായ നാശനഷ്ടങ്ങൾ ഇല്ലെന്ന് ദുരന്തനിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു.

ചക്രവാതച്ചുഴിക്ക് പിന്നാലെ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതിന്റെ ഫലമായാണ് മഴ ശക്തി പ്രാപിച്ചത്. പൂവൻപുഴ, മേടയിൽ മുക്ക്, ക്യു.എ.സി റോഡ്, ചിന്നക്കട, ഫാത്തിമ കോളേജ് റോഡ്, ആശ്രാമം മൈതാനത്തിന് മുന്നിലെ ബസ് സ്‌റ്റോപ്പ്, എ.ആർ ക്യാമ്പിന് മുന്നിലെ ബസ് സ്‌റ്റോപ്പ്, ഡി.സി.സി ഓഫീസിന് മുന്നിലെ റോഡ്, തങ്കശേരി കാവൽ ജംഗ്ഷൻ തുടങ്ങി ദേശീയപാതയിലടക്കം മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഓടകളിൽ മാലിന്യം കെട്ടിനിൽക്കുന്നതിനാൽ വെള്ളം ഒഴുകിമാറാത്തതാണ് നിലവിലെ പ്രശ്നം. വെള്ളക്കെട്ട് രൂപപ്പെടുമ്പോൾ ഓടയിലെ മണ്ണുകോരി ഓടയ്ക്ക് സമീപം ഉപേക്ഷിക്കുകയും അടുത്ത മഴയിൽ മണ്ണ് തിരികെ ഓടയിലേക്ക് ഇറങ്ങുന്നതുമാണ് പതിവ് കാഴ്ച.

ശക്തമായ കാറ്റിന് സാദ്ധ്യത

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

 അപകട മേഖലയിൽ താമസിക്കുന്നവർ മാറി താമസിക്കണം

 വിനോദസഞ്ചാര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണം

 മരങ്ങൾക്ക് താഴെ നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ ചെയ്യരുത്

കുട്ടികളെ പുഴയിലോ തോടുകളിലോ ഇറങ്ങാൻ അനുവദിക്കരുത്

 ജലാശയങ്ങൾക്ക് ചുറ്റും താമസിക്കുന്നവർ ജാഗ്രത പാലിക്കണം

കടലാക്രമണം രൂക്ഷം

കരുനാഗപ്പള്ളി ആലപ്പാട് കടലാക്രമണം രൂക്ഷമായി. ചെറിയഴീക്കൽ, പണിക്കർകടവ്, ചെറിയഴീക്കൽ സി.എഫ്.എ ഗ്രൗണ്ട്, കഴുകൻതുരുത്ത്, അഴീക്കൽ എന്നിവിടങ്ങളിലാണ് തിര ശക്തമായത്.

വിളിക്കേണ്ട നമ്പർ

വൈദ്യുതി ലൈൻ അപകടം- 1056

ദുരന്ത നിവാരണ അതോറിറ്റി -1077

കെ.എസ്.ഇ.ബി കൺട്രോൾ റൂം - 1912

ഇന്നലെ ജില്ലയിൽ ലഭിച്ച മഴ

ആര്യങ്കാവ് - 55 മില്ലി മീറ്റർ

കൊല്ലം - 2 മില്ലി മീറ്റർ

പുനലൂർ - 43 മില്ലി മീറ്റർ

വെള്ളക്കെട്ടുകളിൽ ഇറങ്ങുമ്പോൾ വൈദ്യുതി ലൈനുകൾ പൊട്ടിവീണ് അപകട സാദ്ധ്യതയില്ലെന്ന് ഉറപ്പാക്കണം.

കെ.എസ്.ഇ.ബി അധികൃതർ