കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദനാ ദാസ് കൊല്ലപ്പെട്ട കേസിലെ പ്രതി സന്ദീപിനെ കുറ്റപത്രം വായിച്ച് കേൾപ്പിക്കാനായി 17ന് കോടതിയിൽ നേരിട്ട് ഹാജരാക്കാൻ കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജി പി.എൻ. വിനോദ് ഉത്തരവിട്ടു.
പ്രതിക്കെതിരെ കൊലപാതകം, വധശ്രമം അടക്കമുള്ള വകുപ്പുകൾ നിലനിൽക്കുമെന്ന്, വിടുതൽ ഹർജി തള്ളി നേരത്തെ കോടതി കണ്ടെത്തിയിരുന്നു. ഈ ഉത്തരവിനെതിരെ പ്രതി ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടിയിരുന്നെങ്കിലും കേസിൽ വിശദമായ വാദം കേട്ട ഹൈക്കോടതി പ്രതി ഫയൽ ചെയ്ത വിടുതൽ ഹർജി തള്ളിയ സെഷൻസ് കോടതി ഉത്തരവ് ശരിവച്ചു. എന്നാൽ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഉദ്ദേശിക്കുന്നതിനാൽ കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നതടക്കമുള്ള നടപടികൾ മാറ്റിവയ്ക്കണമെന്ന് പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടു. ഹൈക്കോടതി സ്റ്റേ ഒഴിവായ സാഹചര്യത്തിൽ പ്രതിയെ കോടതിയിൽ നേരിട്ട് ഹാജരാക്കി കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്ന നടപടികളുമായി മുന്നോട്ടു പോകുന്നതിന് തടസമില്ലെന്ന് കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ് ജി.പടിക്കൽ കോടതിയിൽ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് കോടതി ഉത്തരവ്.
പ്രോസിക്യൂഷന് വേണ്ടി അഡ്വ പ്രതാപ് ജി.പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരും ഹാജരായി.