photo
നിർമ്മാണത്തിലിരിക്കുന്ന അഞ്ചൽ വട്ടമൺ പാലം

അഞ്ചൽ: നി‌ർമ്മാണം ആരംഭിച്ചിട്ട് മൂന്ന് വർഷം പിന്നിട്ടിട്ടും ഇതുവരെ പൂർത്തിയാക്കാനാവാതെ വട്ടമൺ പാലം. അഞ്ചൽ-ആയൂർ റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ടാണ് പാലം പുനർ നിർമ്മാണം ആരംഭിച്ചത്. നിലവിലെ പാലത്തിന് സമാന്തരമായിട്ടാണ് പാലം നിർമ്മിക്കുന്നത്. പാലം നിർമ്മാണം തുടങ്ങിയപ്പോൾ ഇതുവഴിയുള്ള ഗതാഗതം നാലുമാസത്തോളം നിരോധിച്ചിരുന്നു. ഈ സമയത്തും നിർമ്മാണത്തിൽ യാതൊരു പുരോഗതിയും ഉണ്ടായില്ല. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പഴയപാലം ഗതാഗതത്തിനായി വീണ്ടും തുറക്കുകയായിരുന്നു.

കഴിഞ്ഞ പിണറായി സർക്കാരിന്റെ അവാസാനഘട്ടത്തിൽ അഞ്ചൽ-ആയൂർ റോഡ് നവീകരണത്തിന് അന്ന് സ്ഥലം എം.എൽ.എയും മന്ത്രിയുമായിരുന്ന അഡ്വ.കെ.രാജു മുൻകൈയ്യെടുത്താണ് കിഫ്ബിയിൽ നിന്ന് ഫണ്ട് അനുവദിച്ചത്.

പാലം നിർമ്മാണം ഇപ്പോഴും തുടങ്ങിയിടത്തുതന്നെ നിൽക്കുകയാണ്.

ചില ഭാഗങ്ങളിൽ ഏതാനും കമ്പികൾ കുഴിച്ചിട്ടതല്ലാതെ മറ്റ് പുരോഗതികളില്ല.

ദിനം പ്രതി രണ്ടോ, മൂന്നോ അന്യസംസ്ഥാന തൊഴിലാളികൾ മാത്രമാണ് ജോലിക്കുള്ളത്.

കിഫ്ബിയുടെ അധീനതയിലാണ് പാലം നിർമ്മാണം നടക്കുന്നതെങ്കിലും

കിഫ്ബി ഉദ്യോഗസ്ഥർ ഇവിടേക്ക് തിരിഞ്ഞ് നോക്കാറില്ലെന്ന് നാട്ടുകാർ

കുഴികൾ അപകട ഭീഷണി

പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് എടുത്ത കുഴികൾ അപകട ഭീഷണി ഉയർത്തുകയാണ്. അപകട സാദ്ധ്യത സൂചിപ്പിക്കുന്ന ബോർഡുകളും വച്ചിട്ടില്ല. പഴയ പാലത്തിൽ ഏതാനും ഒഴിഞ്ഞ വീപ്പകൾ മാത്രമാണ് വച്ചിരിക്കുന്നത്. ഗതാഗത കുരുക്കും രൂക്ഷമാണ്. വാഹനങ്ങൾക്ക് പാലപ്പോഴും ഇതുവഴി കടന്നുപോകാനാവുന്നില്ല. ദീർഘനേരം ഗതാഗത കുരുക്കിൽ കിടക്കേണ്ട സ്ഥിതിയാണ്.

റോഡ് നിർമ്മാണവും പാലം നിർമ്മാണവും ത്വരിതഗതിയിലാക്കി ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുവാൻ നടപടികൾ ഉണ്ടാകണം.

ലിജു ആലുവിള
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് , ഇടമുളയ്ക്കൽ