മേൽപ്പാലം നിർമ്മാണം
49.95 കോടി
ഭൂമി ഏറ്റെടുക്കലിന് 20 കോടി
ശാസ്താംകോട്ട: മൈനാഗപ്പള്ളിയിൽ റെയിൽവേ മേൽപ്പാലം നിർമ്മാണത്തിനുള്ള നടപടികൾ കടലാസിൽ തന്നെ. മൈനാഗപ്പള്ളി പഞ്ചായത്തിനെ രണ്ടായി വിഭജിച്ച് കടന്ന് പോകുന്ന റെയിൽവേ ലൈനിൽ മൈനാഗപ്പള്ളിയിൽ മാത്രം 6 ലെവൽ ക്രോസുകളാണുള്ളത്. ശാസ്താംകോട്ട -കരുനാഗപ്പള്ളി പ്രധാന പാതയിൽ മൈനാഗപ്പള്ളി തൈയ്ക്കാവ് മുക്കിലെ 61 -ാം നമ്പർ ലെവൽ ക്രോസാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ശാപമായി തുടരുന്നത്. ട്രെയിനുകളുടെ എണ്ണം കൂടിയതോടെ തിരക്കേറിയ രാവിലെയും വൈകിട്ടും മൂന്നു ട്രെയിനുകൾ കടന്നു പോകുന്നതുവരെ ലെവൽ ക്രോസ് അടച്ചിടാറുണ്ട്. ലെവൽ ക്രോസിൽ കുടുങ്ങി ചികിത്സ വൈകി മരിച്ചവരും നിരവധിയാണ്. ലെവൽ ക്രോസിൽ പെടാതിരിക്കാൻ വേഗതകൂട്ടിയെത്തുന്ന ബസുകളും അപകടങ്ങളുണ്ടാക്കുന്നുണ്ട്.
ജനപ്രതിനിധികളുടെ അനാസ്ഥ
മൈനാഗപ്പള്ളിയിൽ റെയിൽവേ മേൽപ്പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും നേതൃത്വം കൊടുത്തവരിൽ പലരും ഓർമ്മയായിട്ട് പതിറ്റാണ്ടുകളായി. എന്നിട്ടും മേൽപ്പാലം യാഥാർത്ഥ്യമായില്ല. ശാസ്താംകോട്ട - കരുനാഗപ്പള്ളി പാതയിലെ മാളിയേക്കൽ പാലം നിർമ്മാണം പൂർത്തിയായി ഉദ്ഘാടനം കാത്ത് കിടക്കുമ്പോഴും മൈനാഗപ്പള്ളിക്കാർക്ക് മേൽപ്പാലം സ്വപ്നമായി തുടരുന്നത് ജനപ്രതിനിധികളുടെ അനാസ്ഥയാണെന്നാണ് നാട്ടുകാർ പറയുന്നത്. തുടർച്ചയായി ജയിച്ചു പോകുന്ന എം.പിയും എം.എൽ.എയും തിരഞ്ഞെടുപ്പ് സമയത്ത് നൽകുന്ന വാഗ്ദാനങ്ങളിലൊന്നു മാത്രമായി മൈനാഗപ്പള്ളിയിലെ റെയിൽവേ മേൽപ്പാലം മാറി.
മൈനാഗപ്പള്ളിയിൽ റേയിൽവേ മേൽപ്പാലം യാഥാത്ഥ്യമാക്കുന്നതിന് സംസ്ഥാന സർക്കാർ കിഫ് ബി പദ്ധതിയിൽ ഉൾപ്പെടുത്തി ഭൂമി ഏറ്റെടുക്കലിനും പാലം നിർമ്മാണത്തിനുമായി 49.95 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലിനു ആവശ്യമായി വരുന്ന 20 കോടി രൂപ പൂർണമായും സംസ്ഥാന സർക്കാർ മുൻകൂറായി അനുവദിച്ചിട്ടുണ്ട് പദ്ധതി നിർവഹണത്തിനായി ആർ.ബി.ഡി.സി.കെയെ ചുമതലപ്പെടുത്തി. സ്ഥലം ഏറ്റെടുക്കൽ നടപടി പുരോഗമിക്കുകയാണ്. അത് പൂർത്തിയായാൽ ഉടൻ തന്നെ ടെണ്ടർ നടപടിയിലേക്ക് കടക്കും.
കോവൂർ കുഞ്ഞുമോൻ എം.എൽ.എ