t
കൊല്ലം റെയിൽവേ സ്റ്റേഷനിൽ അലഞ്ഞുനടന്ന പ്രിയയെ എസ്.എസ് അഭയസമിതിയിൽ എത്തിക്കാൻ പൊലീസ് ഏറ്റെടുത്തപ്പോൾ

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ അലഞ്ഞു നടന്ന, മാനസിക പ്രശ്നമുള്ള പാലക്കാട് ഒലവക്കോട് സ്വദേശി പ്രിയയെ (31) എസ്.എസ് സമിതി അഭയകേന്ദ്രം ഏറ്റെടുത്തു. റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഒറ്റപ്പെട്ട അവസ്ഥയിൽ മണിക്കൂറുകളോളം കണ്ടതിനെ തുടർന്ന് റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്ത് അഭയകേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു.

പ്ലസ് ടു വിദ്യാർത്ഥി നിവേദിത, 10-ാം ക്ലാസ് വിദ്യാർത്ഥി ഭദ്രനാഥ്​ എന്നിവർ മക്കളാണെന്ന് പ്രിയ പറഞ്ഞു. ഭർത്താവിന്റെ വിവരങ്ങൾ ലഭ്യമല്ല. ഒലവക്കോട് വടക്കൻതറ ആരപത വീട്ടിൽ അയ്യപ്പന്റെ മകളാണെന്നാണ് ലഭ്യമായ വിവരം. ട്രെയിനിൽ ഭിക്ഷാടനം നടത്തുന്നതിനിടെയാണ് കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിയത്. റെയിൽവേ പോലീസ്​ സബ് ഇൻസ്‌പെക്ടർ പി.വി. രാജു, പൊലീസ് ഉദ്യോഗസ്ഥരായ മനോജ്​ കുമാർ, കാവേരി എന്നിവരാണ് പ്രിയയെ അഭയകേന്ദ്രത്തിൽ എത്തിച്ചത്. ബന്ധുക്കളെ കണ്ടെത്തി തിരികെ എത്തിക്കുമെന്ന് അഭയകേന്ദ്രം മാനേജിംഗ് ട്രസ്റ്റി ഫ്രാൻസിസ് സേവ്യർ പറഞ്ഞു.