കൊല്ലം: മരിച്ച് ഒരു മാസമായി ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന വിനായകത്തിന്റെ മൃതദേഹം മറവ് ചെയ്തത് സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ. ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലെ ശ്രീകുമാറാണ് കാവനാട് മാർക്കറ്റിന് സമീപം വർഷങ്ങളായി ചെരുപ്പ് തുന്നിയിരുന്ന വിനായകത്തിന്റെ മൃതദേഹം ആചാരപ്രകാരം സംസ്കരിച്ചത്. വർഷങ്ങൾക്ക് മുമ്പ് കാവനാട് മാർക്കറ്റിന് സമീപത്ത് എത്തിച്ചേർന്നതാണ് വിനായകം. കഴിഞ്ഞ ഒരു വർഷമായി അർബുദ രോഗിയായിരുന്നു. അവസ്ഥ മനസിലാക്കിയ ശ്രീകുമാർ ജീവകാരുണ്യ പ്രവർത്തകൻ ശക്തികുളങ്ങര ഗണേശമായി ചേർന്ന് പലതവണ ആശുപത്രികളിൽ എത്തിച്ചു.
ചികിത്സയ്ക്ക് ശേഷം വീണ്ടും കാവനാട് മാർക്കറ്റിലെ കടത്തിണ്ണയിൽ കഴിയുകയായിരുന്നു വിനായകം. അസുഖം മൂർച്ഛിച്ചപ്പോൾ ശ്രീകുമാറും ഗണേശനും ചേർന്ന് മയ്യനാട് എസ്.എസ് സമിതിയിൽ എത്തിച്ചു. ഇവിടെ വച്ചാണ് മരിച്ചത്. ജില്ലാ ആശുപത്രി മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചെങ്കിലും ബന്ധുക്കൾ ആരും എത്തിയില്ല. തുടർന്ന് ശ്രീകുമാറും ഗണേശനും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി മുളങ്കാടകം ശ്മശാനത്തിൽ എത്തിച്ച് സംസ്കരിക്കുകയായിരുന്നു. ജീവകാരുണ്യ പ്രവർത്തകരായ ബാബു, ശ്യാം ഷാജി, റഷിദ്, സജീവ് എന്നിവരും ചേർന്നാണ് സംസ്കാരം നടത്തിയത്.