പുനലൂർ: കാലവർഷം ചതിച്ചതോടെ തെന്മല പരപ്പാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരാത്തതിനാൽ അധികൃതർ ആശങ്കയിൽ. ജൂണിൽ ആരംഭിക്കുന്ന കാലവർഷം ആഗസ്റ്റ് പകുതി വരെ തുടരുമായിരുന്നു. എന്നാൽ ജൂലായ് പകുതിയായിട്ടും പദ്ധതി പ്രദേശങ്ങളിൽ കാര്യമായ മഴ ലഭിച്ചിട്ടില്ല.
ഇതോടെ അണക്കെട്ടിലെ പവർ ഹൗസിൽ നിന്നുള്ള വൈദ്യുതി ഉത്പാദനം ഭാഗികമാക്കി. രണ്ട് ജനറേറ്റർ വഴി 15 മെഗാവാർട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചിരുന്നത്. എന്നാൽ ഇതിലൊരെണ്ണം തകരാറിലായതോടെ ഒരു ജനറേറ്റർ വഴി 6 മെഗാവാട്ട് വൈദ്യുതിയാണ് ഓരോ ദിവസവും ഉത്പാദിപ്പിക്കുന്നത്. മുൻ വർഷങ്ങളിൽ കാര്യമായ മഴ ലഭിച്ചിരുന്ന വൃഷ്ടി പ്രദേശങ്ങളിൽ വെള്ളിയാഴ്ച മാത്രമാണ് മഴ പെയ്തത്. വനാന്തരങ്ങളിൽ കാര്യമായ മഴ ലഭിക്കാത്തതിനാൽ നീരോഴുക്കും സജീവമല്ല. മുൻ വർഷങ്ങിൽ കാലവർഷത്തിൽ അണക്കെട്ടിന്റെ പോഷക നദികളായ ശെന്തുരുണി, കഴുതുരുട്ടി, കുളത്തൂപ്പുഴ ആറുകൾ നിറഞ്ഞൊഴുകിയിരുന്നു. എന്നാലിപ്പോൾ പോഷക നദികൾ വരൾച്ചയുടെ വക്കിലാണ്.
വൈദ്യുതി ഉത്പാദനം ഭാഗികം
ജലനിരപ്പ് ഉയരാത്തതിനാൽ വൈദ്യുതി ഉത്പാദനം ഭാഗികം
കാലവർഷ മഴയെ തുടർന്നുള്ള വെള്ളമാണ് അണക്കെട്ടിൽ ശേഖരിച്ചിരുന്നത്
വേനൽക്കാല കൃഷികൾക്കാണ് ജലം ഉപയോഗിച്ചിരുന്നത്
കാര്യമായ മഴ ലഭിച്ചില്ലെങ്കിൽ ജലക്ഷാമവും കെ.ഐ.പി ഇടത് - വലത് കര കനാലുകളിലെ ജലവിതരണവും മുടങ്ങും
നിലവിൽ ജലവിതരണം നിലച്ച അവസ്ഥയിൽ
കാര്യമായ തോതിൽ മഴ ലഭിച്ചില്ലെങ്കിൽ അടുത്ത വേനലിൽ ജലവിതരണം മുടങ്ങും.
കെ.ഐ.പി അധികൃതർ