കുന്നത്തൂർ: കാശ്മീരിലെ ലേയിൽ ന്യുമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച യുവസൈനികന് ജന്മനാടിന്റെ അശ്രുപൂജ. വടക്കൻ മൈനാഗപ്പള്ളി കാളകുത്തുംപൊയ്ക ആകാശ് ഭവനിൽ വിജയരാജിന്റെയും സുഹാസിനിയുടെയും മകൻ ആകാശ് (27) കഴിഞ്ഞ ദിവസമാണ് ലേയിലെ സൈനിക ആശുപത്രിയിൽ മരിച്ചത്.
ഇന്നലെ രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം സൈനിക അധികൃതരും ബന്ധുക്കളും ചേർന്ന് ഏറ്റുവാങ്ങി. രാവിലെ 9 വരെ കാളകുത്തുംപൊയ്കയിലെ ആകാശ് ഭവനിൽ പൊതുദർശനത്തിനു വച്ചു. കുടുംബത്തിന്റെ ഏക പ്രതീക്ഷയും ആശ്രയവുമായിരുന്ന ആകാശിന്റെ വേർപാട് മാതാപിതാക്കളെയും ഭാര്യ പൂജ, സഹോദരി ആദിത്യ എന്നിവരെയും ഏറെ തളർത്തി. ഇവരെ ആശ്വസിപ്പിക്കാൻ ബന്ധുക്കളും അയൽവാസികളും പാടുപെട്ടു. കൊടിക്കുന്നിൽ സുരേഷ് എം.പി വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. തുടർന്ന് ആകാശ് പ്രാഥമിക വിദ്യാഭ്യാസം നടത്തിയ കാരൂർക്കടവ് എസ്.കെ.വി യു.പി സ്കൂളിൽ വിലാപയാത്രയോടെ മൃതദേഹം എത്തിച്ചു. ഇവിടെ ഒരു മണിക്കൂറോളം പൊതുദർശനത്തിനു വച്ചു. നാട്ടുകാരും സഹപാഠികളും സൃഹൃത്തുക്കളുമടക്കം നൂറുകണക്കിനാളുകൾ ആദരാഞ്ജലി അർപ്പിക്കാനെത്തി. 11 മണിയോടെ പാട്ടുപുരയ്ക്കൽ ധർമ്മശാസ്ത ക്ഷേത്രത്തിന് സമീപമുള്ള കുടുംബവീട്ടിൽ എത്തിച്ച മൃതദേഹം ഇവിടെയും അര മണിക്കൂറോളം പൊതുദർശനത്തിനു വച്ചു. തുടർന്ന് 11.30 ഓടെ പൊലീസ് ബഹുമതിയോടെ മൃതദേഹം സംസ്കരിച്ചു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദ്, മറ്റ് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, സാമൂഹിക- സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.