കൊല്ലം: ജില്ലയിൽ പനി ബാധിതരുടെ എണ്ണത്തിൽ ദിനംപ്രതി വർദ്ധന. കഴിഞ്ഞ 12 വരെ 7,789 പേരാണ് പനിക്ക് ചികിത്സതേടി ആശുപത്രികളിൽ എത്തിയത്. ഇതിൽ 99 പേർ കിടത്തി ചികിത്സയിലാണ്. 259 പേർക്ക് ഡെങ്കിപ്പനിയും 11 പേർക്ക് എലിപ്പനിയും 5 പേർക്ക് മലേറിയയും സ്ഥിരീകരിച്ചു.
കഴിഞ്ഞവർഷത്തേക്കാൾ ഡെങ്കി ഈ വർഷം കുത്തനെ ഉയർന്നു. ഇടയ്ക്കിടെ പെയ്യുന്ന മഴയാണ് പ്രധാനവില്ലൻ. കൊതുകുജന്യ രോഗങ്ങൾക്കു പുറമെ കോളറ, ഷിഗെല്ല തുടങ്ങിയ വയറിളക്ക രോഗങ്ങൾക്കെതിരെയും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. രോഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് അടിയന്തര ചികിത്സ ഉറപ്പാക്കണം.
ലക്ഷണങ്ങൾ
എലിപ്പനി
പ്രാരംഭ ലക്ഷണം: പനി, പേശിവേദന, തലവേദന, വയറുവേദന, ഛർദ്ദി, കണ്ണ് ചുവപ്പ്
രോഗവ്യാപനം: മലിനജല സമ്പർക്കം
രോഗം മൂർച്ഛിച്ചാൽ: കരൾ, വൃക്ക, തലച്ചോർ, ശ്വാസകോശം എന്നിവയെ ബാധിക്കും
ഡെങ്കിപ്പനി
പ്രാരംഭ ലക്ഷണം: കടുത്ത പനി, തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനം പുരട്ടൽ, ഛർദ്ദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ, കണ്ണിന് പുറകിൽ വേദന
രോഗവ്യാപനം: ഈഡിസ്, ഈജിപ്തി ഇനത്തിലെ പെൺകൊതുകുകളുടെ കടി
രോഗം മൂർച്ഛിച്ചാൽ: ഛർദ്ദി, വയറുവേദന, കറുത്ത മലം, ശ്വാസംമുട്ടൽ, ശരീരം ചുവന്നുതടിക്കൽ, കഠിനമായ ക്ഷീണം, ശ്വാസതടസം, താഴ്ന്ന രക്തസമ്മർദ്ദം
മലേറിയ
പ്രാരംഭ ലക്ഷണം: തലവേദനയും പേശി വേദനയും
രോഗവ്യാപനം: അനോഫിലസ് വിഭാഗത്തിലെ പെൺ കൊതുകുകളാണ് രോഗം പരത്തുന്നത്. രോഗബാധയുള്ളയാളുടെ രക്തം സ്വീകരിക്കുന്നതിലൂടെയും രോഗം പകരാം
രോഗം മൂർച്ഛിച്ചാൽ: ശക്തമായ പനിയും കുളിരും ദിവസേനയോ, ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ, മൂന്നുദിവസം കൂടുമ്പോഴോ ആവർത്തിക്കും മനംപുരട്ടൽ, ഛർദ്ദി, ചുമ, ത്വക്കിലും കണ്ണിലും മഞ്ഞ നിറം, പനി, ശക്തമായ തലവേദന എന്നിവ മാത്രമായും കാണാം
ഷിഗെല്ല
പ്രാാരംഭ ലക്ഷണം: വയറിളക്കം, പനി, വയറുവേദന, ഛർദ്ദി, ക്ഷീണം, രക്തംകലർന്ന മലം
രോഗവ്യാപനം: ഷിഗല്ല വിഭാഗത്തിൽപ്പെട്ട ബാക്ടീരിയകളാണ് ഷിഗല്ലോസിസ് രോഗാണുബാധയ്ക്ക് കാരണം. മലിന ജലം, കേടായ ഭക്ഷണം എന്നിവ ഉപയോഗിക്കുക, പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴുകാതെ ഉപയോഗിക്കുക, രോഗബാധിതരുമായി അടുത്ത് ഇടപഴകുക, രോഗബാധിതർ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുക എന്നിവയിലൂടെ രോഗം പകരും.