പുനലൂർ: ആശയങ്ങൾ ഉത്പന്നങ്ങളായി മാറുന്ന സാഹചര്യമാണ് ഇപ്പോഴെന്നും അത് മനസിലാക്കി വിദ്യാർത്ഥികൾ പഠിച്ച് ഉന്നതങ്ങളിൽ എത്തണമെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയന്റെ നേതൃത്വത്തിൽ യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്ന പ്രതിഭാസംഗമവും അനുമോദന യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏത് രാജ്യത്തിരുന്നാലും കാര്യങ്ങൾ മനസിലാകുന്ന തരത്തിൽ ടെക്നോജളി വളർന്നു. ടെക്നോളജിയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കൃത്രിമമായി വളർത്തിയെടുക്കുന്ന ടെക്നോളജിയും ഉണ്ട്. വിദ്യാർത്ഥികളുടെ ഉത്തരവാദിത്വം വളരെ വലുതാണ്. നാടിൻെറ പൊതുകാര്യങ്ങളിലും വിദ്യാർത്ഥികൾ ഇടപെടണം. പുനലൂർ ശ്രീനാരായണ കോളേജിൽ താൻ പഠിച്ചിരുന്ന കാലത്ത് വിദ്യാർത്ഥി സംഘടനയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായിരുന്നു. അന്ന് വിദ്യാർത്ഥി പ്രക്ഷോഭങ്ങളും മറ്റു സമരങ്ങളും ഉണ്ടായെങ്കിലും ഒന്നാം വർഷം പരീക്ഷാഫലം വന്നപ്പോൾ നല്ല മാർക്ക് ലഭിച്ചിരുന്നു. നിങ്ങളും കേരളത്തെ മുന്നോട്ട് കെണ്ടുപോകേണ്ടവരാണെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
രാഷ്ടീയ ജീവിതത്തിലൂടെ കടന്നുവന്ന ആളാണ് ഇപ്പോഴത്തെ ധനമന്ത്രിയെന്നും ഇത് ഉൾക്കൊണ്ട് വിദ്യാർത്ഥികൾ മുന്നോട്ട് പോകണമെന്നും അദ്ധ്യക്ഷ പ്രസംഗത്തിൽ പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ പറഞ്ഞു. വിദ്യാഭ്യാസം എന്നത് നിക്ഷേപമാണ്. ഈ നിക്ഷേപം എന്ന് പറയുന്നത് ജീവിതം മെച്ചപ്പെടുത്താൻ ഉതകുന്നതാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്ര, സംസ്ഥാന സർക്കാർ ജോലി ലഭിച്ചവരെ കെ.എൻ. ബാലഗോപാൽ ഉപഹാരം നൽകി അനുമോദിച്ചു. തുടർന്ന് പി.എസ്. സുപാൽ എം.എൽ.എ പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെയും കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ എസ്.എസ്.എസ്.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയവരെയും ആദരിച്ചു. യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ, യോഗം ഡയറക്ടർമാരായ എൻ. സതീഷ്‌കുമാർ, ജി. ബൈജു, യൂണിയൻ കൗൺസിലർമാരായ എസ്. സദാനന്ദൻ, കെ.വി. സുഭാഷ് ബാബു, സന്തോഷ് ജി.നാഥ്, എൻ. സുന്ദരേശൻ, അടുക്കളമൂല ശശിധരൻ, എസ്. എബി, ഡി.ബിനിൽകുമാർ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, വൈസ് പ്രസിഡന്റ് ഉദയകുമാരി ഉദയൻ, സെക്രട്ടറി ഓമന പുഷ്പാംഗദൻ, യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ജി. അനീഷ് കുമാർ, പ്രാർത്ഥന സമിതി യൂണിയൻ സെക്രട്ടറി പ്രീത സജീവ്, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം വിജയകൃഷ്ണ വിജയൻ തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ് സ്വാഗതവും വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ് നന്ദിയും പറഞ്ഞു.