കുന്നത്തൂർ: 700 പേപ്പർ താളുകൾ 1850 പേപ്പർ പീസുകളാക്കിയപ്പോൾ രൂപം കൊണ്ടത് ജീവൻ തുടിക്കുന്നൊരു മയിൽ. ശിവാനിയെന്ന 17 കാരിയാണ് ഈ കരവിരുതിന് പിന്നിൽ. അവധിക്കാലത്ത് ശിവാനിക്ക് തോന്നിയൊരു കൗതുകം ഇപ്പോൾ നാട്ടുകാരുടെയാകെ മനം കവർന്നിരിക്കയാണ്.കുണ്ടറ പെരുമ്പുഴ ത്രിവേണി ജംഗ്‌ഷൻ കിഷോർ മന്ദിരത്തിൽ ശശികുമാറിന്റെയും സ്മിതയുടെയും ഏക മകളാണ് ശിവാനി. കുണ്ടറ ഇളമ്പള്ളൂർ എസ്.എൻ.എസ്.എം ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പ്ലസ്ടു പഠനം. പരീക്ഷയ്ക്ക് ശേഷമുള്ള അവധിക്കാലത്തെ വിരസതയകറ്റാൻ യുട്യൂബ് നോക്കിയാണ് മയിൽ നിർമ്മാണത്തിലേക്ക് കടന്നത്. ആഴ്ചകൾക്കുള്ളിൽ മയിൽ പീലിവിടർത്തി. ചിത്രരചന, പെൻസിൽ ഡ്രോയിംഗ് ,ജലച്ഛായം, എണ്ണച്ഛായം,കൊളാഷ് ബോട്ടിൽ ആർട്ട്,പ്രതിമാ നിർമ്മാണം എന്നു വേണ്ട എല്ലാ രംഗത്തും ശിവാനി മിടുക്കിയാണ്. നൃത്തരംഗത്തും ശിവാനി സജീവമാണ്.കുച്ചിപ്പുടി,ഭരതനാട്യം എന്നിവയിൽ ഹൈസ്കൂൾ തലത്തിൽ തന്നെ അരങ്ങേറ്റം കഴിഞ്ഞു.കഴിഞ്ഞ സ്കൂൾ കലോത്സവത്തിൽ സംസ്ഥാനതലത്തിൽ ഒപ്പനയ്ക്ക് എ-ഗ്രേഡും കരസ്ഥമാക്കി. മറ്റുള്ളവയ്ക്ക് ജില്ലാതലത്തിലും ഗ്രേഡുകൾ വാരിക്കൂട്ടി. പ്ലസ്ടു പരീക്ഷയിൽ 1200ൽ1194 മാർക്കും നേടി. കൊല്ലം ഫാത്തിമമാതാ നാഷണൽ കോളേജിൽ എക്കണോമിക്സ് ബിരുദത്തിന് അഡ്മിഷൻ എടുത്തിരിക്കുകയാണ് ശിവാനി.