കടയ്ക്കൽ: കടയ്ക്കൽ ചെട്ടിയാരുകോണത്ത് വൻ വാകമരം കടപുഴകി വീട്ടിലെ കാർ പോർച്ചും വൈദ്യുതി തൂണുകളും മതിലും തകർന്നു. ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം. കോണത്ത് നന്ദനത്തിൽ സുരേന്ദ്രന്റെ വീടിനാണ് ഭാഗികമായി കേടുപാടുകൾ സംഭവിച്ചത്.
സംഭവസമയം വീട്ടിൽ സുരേന്ദ്രൻ മാത്രമേ ഉണ്ടായിരുന്നുള്ളു. ഏകദേശം മൂന്നു ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. സമീപത്തെ മഹേശന്റെ വീടിന്റെ മതിലും പള്ളിമുക്കിനും സീഡ് ഫാം ജംഗ്ഷനും ഇടയിലുള്ള ആറ് വൈദ്യുതി തൂണുകളും തകർന്നു. കടയ്ക്കലിൽ നിന്നുള്ള ഫയർഫോഴ്സ് സംഘമെത്തി ഒരുമണിക്കൂറോളം എടുത്താണ് മരം മുറിച്ച് മാറ്റിയത്. വൈദ്യുതി തൂണുകളും ലൈനികളും റോഡിലേക്ക് വീണത് ഒരു മണിക്കൂറോളം ഗതാഗത തടസം സൃഷ്ടിച്ചു. പ്രദേശത്ത് വൈദ്യുതി മുടങ്ങി. കടയ്ക്കലിൽ നിന്ന് മടത്തറയ്ക്ക് പോയ ബസുകൾ അടക്കം സീഡ് ഫാം ജംഗ്ഷനിൽ നിന്ന് തിരിച്ചുവിട്ടു. കെ.എസ്.ഇ.ബി അധികൃതരെത്തി വൈദ്യുതി തൂണുകൾ പുനഃസ്ഥാപിക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചു.
മരം മുറിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകടത്തിലേക്ക് നയിച്ചതെന്നും പ്രദേശവാസികൾ പറഞ്ഞു. അപകടകരമായ വൃക്ഷങ്ങൾ മുറിച്ചുമാറ്റാൻ ട്രീ കമ്മിറ്റികൾ ഉണ്ടെങ്കിലും ഫലമില്ലെന്നും ആക്ഷേപമുണ്ട്.