കൊട്ടാരക്കര: അരകല്ലിൽ അരച്ച ചമ്മന്തി മുതൽ കുടംപുളിയിട്ട് വറ്റിച്ച ചൂരക്കറിയുൾപ്പടെ ഒരു ഭാഗത്ത്, പുട്ടിന്റെ വെറൈറ്റി എട്ടുതരം, കപ്പ മുതൽ ചേനവരെ പുഴുക്കുകളുടെ നിര, മധുരം കിനിയും ലഡുവും കാരറ്റുൾപ്പടെ ആറുതരം പായസവും വിഭവങ്ങളുടെ പട്ടിക നീണ്ടു. കോട്ടാത്തല പണയിൽ യു.പി സ്കൂളിൽ കുട്ടിക്കൂട്ടമൊരുക്കിയ ഫുഡ് ഫെസ്റ്റ് ശ്രദ്ധേയമായി. അദ്ധ്യാപകരുടെ നിർദ്ദേശപ്രകാരം കുട്ടികൾ തന്നെയാണ് വിഭവങ്ങൾ തയ്യാറാക്കിയത്. ചിലർ രക്ഷിതാക്കളുടെ ഉപദേശം തേടിയെങ്കിലും തവിയിൽ തൊടാൻ അനുവദിച്ചിട്ടില്ല. അഞ്ചാം ക്ളാസ് മുതൽ ഏഴാം ക്ളാസ് വരെയുള്ള കുട്ടികളാണ് ഗുരുദേവ കൺവൻഷൻ സെന്ററിൽ നടത്തിയ ഫുഡ് ഫെസ്റ്റിൽ പങ്കെടുത്തത്. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലെ നൂൺമീൽ ഓഫീസർ വി.എൽ.ബൈജു ഉദ്ഘാടനം ചെയ്തു. പ്രഥമാദ്ധ്യാപിക എം.വി.മിനി, അദ്ധ്യാപകരായ എൻ.ബീന, ആർ.ദീപ, എസ്.ശ്രുതി, പി.ആർ.വിനായക് എന്നിവർ നേതൃത്വം നൽകി.