തൊടിയൂർ: കരുനാഗപ്പള്ളി കാലിത്തീറ്റ ഫാക്ടറിയിലെ തൊഴിലാളികളുടെ പ്രശ്നങ്ങൾ സബ്‌മിഷനിലൂടെ സി.ആർ. മഹേഷ്‌ എം.എൽ.എ നിയമസഭയിൽ ഉന്നയിച്ചു. മറ്റു പൊതുമേഖലാ സ്ഥാപനങ്ങളിൽ തൊഴിലാളികൾക്ക് ലഭിക്കുന്ന ഒരു ആനുകൂല്യവും ഈ ഫാക്ടറിയിലെ തൊഴിലാളികൾക്ക് ലഭിക്കുന്നില്ല. ആനുകൂല്യങ്ങൾ ആവശ്യപ്പെട്ടാൽ പിരിച്ചുവിടും എന്ന് മാനേജ്‌മെന്റ് നിരന്തരം ഭീഷണി ഉയർത്തുന്നു. സ്ഥാപനത്തിൽ ഇതുവരെ മിനിമം വേതനമോ ഗ്രാറ്റിവിറ്റിയോ ആശ്രിത നിയമനമോ ഇല്ല.റിട്ടയർമെന്റ് ആനുകൂല്യങ്ങൾ ഒന്നും തന്നെയില്ല. കൂടാതെ തൊഴിൽ ചെയ്യുന്ന സമയത്ത് അപകടമോ, മരണമോ സംഭവിച്ചാൽ സഹായധനം പോലും ലഭിക്കാത്ത അവസ്ഥയാണ്. അതിനാൽ അടിയന്തരമായി ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും ഫാക്ടറി നിർമ്മിക്കുന്നതിനായി ഭൂമി വിട്ടു നൽകിയ കുടുംബങ്ങളിലെ അംഗങ്ങൾക്ക് തൊഴിൽ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും സബ്മിഷനിലൂടെ സി.ആർ.മഹേഷ് എം.എൽ.എ. ആവശ്യപ്പെട്ടു. അടിയന്തരമായി യൂണിയൻ ഭാരവാഹികളുടെ യോഗം വിളിച്ചുചേർത്ത് ഈ പ്രശ്നങ്ങൾക്ക് ഉടനടി പരിഹാരം ഉണ്ടാക്കുമെന്നു് മന്ത്രി ജെ .ചിഞ്ചു റാണി സഭയിൽ മറുപടി നൽകി.