കൊല്ലം: കൊല്ലം സിറ്റി പൊലീസ് പരിധിയിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 44 കേസുകളിലായി 15 കോടിയുടെ സൈബർ തട്ടിപ്പ്. ഇതിൽ വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി തട്ടിപ്പുകളിലൂടെ സമാഹരിച്ച 2.57 കോടി രൂപ മരവിപ്പിച്ചു. 9.10 ലക്ഷം രൂപ വീണ്ടെടുത്ത് ഇരകൾക്ക് കൈമാറി.
കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്ത കേസുകളിലെ 37 പ്രതികളെ തിരിച്ചറിഞ്ഞു. ഇതിൽ 23 പേരെ പിടികൂടി. ഇതിൽ രണ്ട് ഒറീസക്കാർ ഒഴികെ ബാക്കിയെല്ലാവരും മലയാളികളാണ്. തിരിച്ചറിഞ്ഞവരിൽ പിടിയിലാകാനുള്ള 14 പേരും മലയാളികളാണ്. ഇവരിൽ പലരും ചതിക്കപ്പെട്ട് സൈബർ തട്ടിപ്പിന് നിയോഗിക്കപ്പെടുകയാണ്.
വിദേശ രാജ്യങ്ങളിൽ മികച്ച ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുപോയ ശേഷം സൈബർ തട്ടിപ്പ് ജോലികൾക്ക് നിയോഗിക്കുകയാണ്. തട്ടിപ്പിന്റെ യഥാർത്ഥ ആസൂത്രകർ വിദേശരാജ്യങ്ങളിലുള്ളവരും ഉത്തരേന്ത്യക്കാരുമാണ്. ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെ പരിചയക്കുറവും ജാഗ്രതയില്ലായ്മയുമാണ് തട്ടിപ്പുകാർ മുതലെടുക്കുന്നത്.
ഓൺലൈൻ പരിചയക്കുറവ് പാരയായി
ഓൺലൈൻ നിക്ഷേപം, ട്രേഡിംഗ്
പാഴ്സലുകളുടെ പേരിലുള്ള ഭീഷണിപ്പെടുത്തൽ
ലോട്ടറി, വ്യാജ സമ്മാനം, ലോൺ ആപ്പുകൾ
ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് പുതുക്കൽ
ലൈംഗിക ദൃശ്യങ്ങളുടെ പേരിൽ ഭീഷണിപ്പെടുത്തൽ
വ്യാജ കസ്റ്റമർ സർവീസ്
പ്രണയത്തട്ടിപ്പ്, വ്യാജ തൊഴിൽ വാഗ്ദാനം
വ്യാജ ഇ- കൊമേഴ്സ് സൈറ്റ്
റിമോട്ട് അക്സസ് തട്ടിയെടുക്കൽ
കോൾ 1930
സൈബർ തട്ടിപ്പുകൾക്ക് ഇരയായാൽ ഉടൻ 1930 എന്ന ടോൾ ഫ്രീ നമ്പരിലോ cybercrime.gov.in എന്ന പോർട്ടലിലോ പരാതിപ്പെടാം. രണ്ടിടത്തും ലഭിക്കുന്ന പരാതികൾ ഉടൻ ബന്ധപ്പെട്ട സൈബർ പൊലീസ് സ്റ്റേഷനുകൾക്ക് കൈമാറും.
അപരിചിത സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ അംഗമാകരുത്. വിവിധ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാനുള്ള അപരിചിതരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കരുത്. തട്ടിപ്പിന് ഇരയായാൽ ഉടൻ പരാതി നൽകണം.
വിവേക് കുമാർ, സിറ്റി പൊലീസ് കമ്മിഷണർ