കൊല്ലം: ഒന്നര പതിറ്റാണ്ടായി തകർന്നുകിടക്കുന്ന പുളിയത്ത്മുക്ക്- ഈഴവപാലം- കല്ലുന്താഴം റോഡിന്റെ പുനർനിർമ്മാണം മഴ നീണ്ടുനിന്നില്ലെങ്കിൽ മൂന്നാഴ്ചയ്ക്കുള്ളിൽ ആരംഭിക്കും. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ സ്ഥലത്ത് നടക്കുന്ന പൈപ്പിടൽ പൂർത്തിയായാൽ ഉടൻ ടാറിംഗ് ആരംഭിക്കാനാണ് ധാരണ.

ഈഴവപാലം റോഡ് വീതികൂട്ടി ദേശീയപാത നിലവാരത്തിൽ നവീകരിക്കാൻ 2016ലെ ബഡ്ജറ്റിൽ സർക്കാർ 2.54 കോടി രൂപ അനുവദിച്ചിരുന്നു. 2016ലെ പി.ഡബ്ല്യു.ഡി നിരക്ക് പ്രകാരം തയ്യാറാക്കിയ അടങ്കലിന് 2017 ജൂലായിൽ സാങ്കേതികാനുമതി ലഭിക്കുകയും പ്രവൃത്തി ചെയ്ത് കരാർ ഉറപ്പിക്കുകയും ചെയ്തു. എന്നാൽ കരാറുകാരൻ പാതിവഴിയിൽ ഉപേക്ഷിച്ചു. ഈ കരാറുകാരനെ കൊണ്ട് തന്നെ പണി പൂർത്തിയാക്കാൻ രണ്ട് വർഷത്തോളം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ശേഷിക്കുന്ന പ്രവൃത്തി പൂർത്തീകരിക്കാൻ വിളിച്ച ടെണ്ടറിൽ പങ്കെടുത്ത കരാറുകാരൻ 2018ലെ നിരക്കും 18 ശതമാനം ജി.എസ്.ടിയും ആവശ്യപ്പെട്ടു. പിന്നീട് മന്ത്രിസഭയുടെ അനുമതിയോടെ 2018ലെ നിരക്ക് പ്രകാരം 2.44 കോടി രൂപയ്ക്ക് നാല് മാസം മുമ്പ് കരാർ ഉറപ്പിക്കുകയായിരുന്നു.

പൈപ്പിടൽ പൂർത്തിയായാൽ നിർമ്മാണം

 ശക്തമായ ഊറ്റ് കാരണം പൈപ്പിടാനുള്ള കുഴിയെടുക്കൽ മുടങ്ങുന്നു

 ഒന്നോ രണ്ടോ ദിവസത്തെ ജോലി കൂടയെ ബാക്കിയുള്ളു

 മഴ മാറിനിന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ പൈപ്പിടൽ പൂർത്തിയാകും

 റോഡാകെ കുണ്ടും കുഴിയും

 ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവ്

 പ്രദേശവാസികൾ വർഷങ്ങളായി പ്രതിഷേധത്തിൽ

കരാർ തുക-2.44 കോടി
ഒപ്പിട്ടിട്ട്-4 മാസം
ബി.എം ടാറിംഗ്-5 സെന്റി മീറ്റർ

ബി.സി ടാറിംഗ്-3 സെന്റി മീറ്റർ

പൈപ്പിടാനെടുത്ത കുഴികൾ മൂടി റോഡ് പൂർവസ്ഥിതിയിലാക്കാൻ 15 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പിന് നൽകിയിട്ടുണ്ട്.

വാട്ടർ അതോറിറ്റി അധികൃതർ

നിർമ്മാണം ആരംഭിച്ചാൽ ഒരുമാസത്തിനകം പൂർത്തിയാക്കും. വാട്ടർ അതോറിറ്റിയുടെ പ്രവൃത്തി പൂർത്തിയാക്കി റോഡ് ഇതുവരെ കൈമാറിയിട്ടില്ല.

സദാശിവൻപിള്ള, കരാറുകാരൻ