2 കോടി അനുവദിച്ചു
കൊട്ടാരക്കര: നഗരത്തിരക്കുകൾക്കിടയിൽ വിശ്രമിക്കാൽ അൽപ്പം ഇടം കിട്ടിയാൽ എത്ര നന്നായിരിക്കും. എന്നാലിതാ കൊട്ടാരക്കര ടൗണിൽ തിരക്കുകൾക്കിടയിലും വിശ്രമിക്കാനായി ഒരു പാർക്ക് വരുന്നു. 2 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. സ്ഥല പരിമിതികൾ ഏറെയുണ്ടായിട്ടും പട്ടണത്തിന് നടുവിൽ പാർക്ക് നിർമ്മിക്കാൻ വേറിട്ട പദ്ധതി തയ്യാറാക്കുകയായിരുന്നു.
പുലമൺ തോടിന് മുകളിൽ!
1)പുലമൺ തോടിന് മുകളിലാണ് പാർക്ക് നിർമ്മിക്കുക.
2)തോടിന്റെ നാഥൻ ഹോട്ടലിനോട് ചേരുന്ന വശത്താണ് നിർമ്മാണം നടത്തുന്നത്.
3)ഇരുവശങ്ങളും കോൺക്രീറ്റ് ഭിത്തികെട്ടി ബലപ്പെടുത്തും.
4)നൂറ് മീറ്റർ ദൂരത്തിൽ മുകൾഭാഗം കോൺക്രീറ്റ് ചെയ്യും. ഇവിടെയാണ് ഇരിപ്പിടങ്ങളും കളിക്കോപ്പുകളും അലങ്കാര കൗതുകങ്ങളുമൊക്കെ സ്ഥാപിച്ച് പാർക്ക് തയ്യാറാക്കുക.
5)പുലമൺ ജംഗ്ഷനിൽത്തന്നെ പാർക്ക് തുടങ്ങിയാൽ കൂടുതൽ പേർക്ക് ഗുണകരമാകും.
6)പട്ടണത്തിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർക്ക് ഇടയ്ക്ക് വിശ്രമത്തിന് പുതിയ പാർക്ക് പ്രയോജനപ്പെടും.
7)ലഘു ഭക്ഷണശാലയടക്കം തുടങ്ങാനും പദ്ധതിയുണ്ട്.
മീൻപിടിപ്പാറ
പട്ടണത്തിലെ ഏക ടൂറിസം കേന്ദ്രം മീൻപിടിപ്പാറയാണ്.
മീൻപിടിപ്പാറ ടൂറിസം പദ്ധതിയുടെ ഭാഗമായി പുലമൺ തോട്ടിൽ ബോട്ടിംഗ് ഉൾപ്പടെ നടത്താൻ ആലോചിച്ചതൊക്കെ പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി.
പട്ടണത്തിൽ നിന്ന് ഒന്നര കിലോമീറ്ററിലധികം ദൂരമുണ്ട്
കേരള കൗമുദി വാർത്ത
കഴിഞ്ഞ ജനുവരി 28ന് 'ഒഴുക്കുമുട്ടി ചക്രശ്വാസം വലിച്ച് പുലമൺ തോട്' എന്ന തലക്കെട്ടോടെ പുലമൺ തോടിന്റെ ദുരിതാവസ്ഥകൾ കേരളകൗമുദി വാർത്തയായി പ്രസിദ്ധീകരിച്ചിരുന്നു. 'പാർക്ക് സ്ഥാപിക്കണം' എന്ന ചെറിയ തലക്കെട്ടോടെ പുലമൺ തോടിന് മുകളിൽ പാർക്ക് സ്ഥാപിക്കാനുള്ള സാദ്ധ്യതകൾ വാർത്തയിൽ ചൂണ്ടിക്കാട്ടി. റോഡിന്റെ ഇരുവശങ്ങളിലും വേണ്ടുവോളം വീതിയുണ്ടെന്നും തോടിന്റെ വശങ്ങൾ കെട്ടി മേൽമൂടി സ്ഥാപിച്ചാൽ പാർക്ക് നിർമ്മിക്കാൻ കഴിയുമെന്നും അന്ന് പ്രസിദ്ധീകരിച്ച വാർത്തയാണ് അധികൃതരുടെ ശ്രദ്ധയിലെത്തിയതും ഇപ്പോൾ യാഥാർത്ഥ്യമാകാനൊരുങ്ങുന്നതും.
പുലമൺ തോടിന് മുകളിലാണ് മതിയായ സൗകര്യങ്ങളോടെ പാർക്ക് നിർമ്മിക്കുന്നത്. കാലതാമസമില്ലാതെ നിർമ്മാണ ജോലികൾ തുടങ്ങും.
എസ്.ആർ.രമേശ്, നഗരസഭ ചെയർമാൻ