photo
വെളിനല്ലൂർ ശ്രീരാമസ്വാമീക്ഷേത്രം

കൊല്ലം: രാമായണ മാസത്തിന് ഇന്ന് തുടക്കം. രാമകഥാ ശീലുകളും പ്രാർത്ഥനാ മന്ത്രങ്ങളുമായി വെളിനല്ലൂർ ശ്രീരാമസ്വാമീക്ഷേത്രം മുഖരിതമാകുന്നു. തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ കീഴിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ക്ഷേത്രം ഇത്തിക്കരയാറിന്റെ തീരത്താണുള്ളത്. മൂന്നുവശവും ഇത്തിക്കരയാറിന്റെ സാമീപ്യമുള്ള ക്ഷേത്രത്തിന് പ്രകൃതിയൊരുക്കിയ സൗന്ദര്യമാണ്. ചെമ്പുമേഞ്ഞ വൃത്ത ശ്രീകോവിലിനുള്ളിലെ പ്രധാന പ്രതിഷ്ഠ. കിഴക്കോട്ട് ദർശനത്തിലുള്ള ശ്രീരാമനും പടിഞ്ഞാറോട്ട് ദർശനവുമായി ലക്ഷ്മണനുമുണ്ട്.

ഐതീഹ്യപ്പെരുമ

ശ്രീരാമ സാന്നിദ്ധ്യമറിഞ്ഞ പ്രദേശമാണത്രേ വെളിനല്ലൂർ. ശാസ്ത്രീയമായി അടിത്തറയില്ലെങ്കിലും നിരവധി ഐതീഹ്യകഥകൾ നിലനിൽക്കുന്നുണ്ട്.

സമീപ ദേശങ്ങൾക്കും രാമകഥയുമായി ബന്ധമുണ്ട്. സുഗ്രീവൻ വീണസ്ഥലമായ ഉഗ്രൻകുന്നും, ബാലി താമസിച്ച ബാലിയാൻകുന്നും ജ‌ടായുവുമായി പോര് നടന്ന പോരേടവും ജടായു ചിറകറ്റുവീണ ജടായുമംഗലം എന്ന ചടയമംഗലവുമൊക്കെയാണ് ഈ സമീപദേശങ്ങൾ

രാമകഥാ പുണ്യം

ശ്രീരാമൻ വനവാസ കാലത്ത് സീതയെ അന്വേഷിച്ചു വരുമ്പോൾ വെളിനല്ലൂരിലെ ഉഗ്രൻകുന്നിൽ വന്ന് സുഗ്രീവനെ കണ്ടിരുന്നു. ബാലിയെ ഭയന്നുകഴിയുന്ന സുഗ്രീവന് ബാലിയിൽ നിന്ന് രക്ഷനൽകാമെന്ന് ശ്രീരാമൻ ഉറപ്പ് നൽകുന്നതിവിടെയാണെന്നാണ് കഥകൾ. മലംചുഴിയിൽ നിൽക്കുന്ന സപ്തസാലങ്ങളും ഒരു അമ്പുകൊണ്ട് എയ്തുവീഴ്ത്തുവാൻ കഴിയുമെങ്കിൽ ബാലിയെ വധിക്കാനും കഴിയുമെന്ന് പറയുന്ന ഭാഗവും ഇവിടെയാണ്. ശ്രീരാമൻ അമ്പ് എയ്ത് ഏഴ് സാലങ്ങളെ മറികടന്ന സ്ഥലമാണ് വെളിനല്ലൂർ ശ്രീരാമക്ഷേത്രത്തിന് മുന്നിൽ ഇന്നുകാണുന്ന മലംചുഴി. ഇത്തിക്കരയാറിന്റെ ഏറ്റവും ആഴമേറിയ ഭാഗമാണിവിടം.

മതമൈത്രി

ഉത്സവ നാളുകളിൽ ഒരു ദിനത്തിൽ ക്ഷേത്ര പരിസരത്ത് മത്സ്യചന്തയും പ്രവർത്തിക്കും. നൂറ്റാണ്ടുകളായി തുടർന്നുവരുന്ന ആചാരമാണിത്. മുസ്ളീം വിഭാഗത്തിൽപ്പെട്ടവരാണ് അന്ന് മത്സ്യവില്പനയ്ക്ക് ക്ഷേത്ര പരിസരത്തെത്തുക.

രാമായണ മാസം

രാമായണ പാരായണമാണ് ക്ഷേത്രത്തിൽ പ്രധാനം. വിശേഷാൽ പൂജകളും ചാർത്തും നടത്തും. രാമായണ മാസാചരണത്തിന്റെ സമാപന ചടങ്ങ് ഇവിടെ വച്ചാണ് ദേവസ്വംബോർഡ് നടത്താറുള്ളത്. ആഗസ്റ്റ് 3ന് വാവുബലി തർപ്പണത്തിനും വിപുലമായ തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്. കഴിഞ്ഞ വർഷം 8500 പേർ ബലിതർപ്പണ ചടങ്ങിൽ പങ്കെടുത്തു.