കൊല്ലം: ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലെ പഠിതാക്കൾക്കായി 'ഒപ്പം' ഭവന നിർമ്മാണ പദ്ധതി ഉടൻ. 14 വീടുകളാണ് ഈ വർഷം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്നത്. ഇതിനായി പഠിതാക്കളിൽ നിന്നായി അപേക്ഷകൾ സ്വീകരിച്ചിരുന്നു.

താമസ യോഗ്യമായ വീടില്ലെന്ന പഞ്ചായത്ത് അധികൃതരുടെ സർട്ടിഫിക്കറ്റ് ഉൾപ്പടെയാണ് അപേക്ഷയ്ക്കൊപ്പം സ്വീകരിച്ചതെങ്കിലും മോണിറ്ററിംഗ് സമിതി അപേക്ഷകരുടെ വാസ ഇടങ്ങൾ സന്ദർശിക്കും. ഒരു ജില്ലയ്ക്ക് ഒരു വീട് എന്ന നിലയിലാണ് പദ്ധതി ലക്ഷ്യമിട്ടത്. എന്നാൽ രണ്ട് ജില്ലകളിൽ നിന്നും അപേക്ഷ ലഭിച്ചില്ല. അതുകൊണ്ടുതന്നെ കൊല്ലം ജില്ലയിലെ പഠിതാക്കൾക്കായി രണ്ട് വീടുകൾ ലഭിക്കും. ജില്ലയിൽ നിന്നുമാത്രം പത്ത് അപേക്ഷകരാണുള്ളത്.

8 ലക്ഷത്തിന്റെ വീട്

 ഒപ്പം പദ്ധതി വഴി എട്ട് ലക്ഷം രൂപയുടെ വീടാണ് നിർമ്മിക്കുന്നത്

 സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും പഠനത്തിൽ മികവുപുലർത്തുന്നവരും ഭവന രഹിതരുമായ എല്ലാ പഠിതാക്കൾക്കും ഘട്ടം ഘട്ടമായി വീട് നിർമ്മിച്ചു നൽകാനാണ് തീരുമാനം

 വിവിധ കാരണങ്ങളാൽ സർക്കാരിന്റെ ഭവന നിർമ്മാണ പദ്ധതികളിൽ ഉൾപ്പെടാൻ കഴിയാത്തവരാകും ഗുണഭോക്താക്കൾ

 ഓപ്പൺ യൂണിവേഴ്സിറ്റി അധികൃതർ തയ്യാറാക്കുന്ന മാതൃകയിൽ 500 ചതുരശ്ര അടി വിസ്തീർണമുള്ള വീടുകളാണ് നിർമ്മിക്കേണ്ടത്

 ഗുണഭോക്താക്കൾക്ക് നേരിട്ട് നിർമ്മാണ ജോലികൾ നടത്താവുന്ന തരത്തിലാണ് ആലോചന

 നിർമ്മാണ ഘട്ടങ്ങളിൽ തുക കൈമാറും

 നടപടിക്രമങ്ങൾ പൂർത്തിയാക്കി ഈ മാസം അവസാനത്തോടെ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കും

 ആഗസ്റ്റിൽ നിർമ്മാണ ജോലികൾ തുടങ്ങാവുന്ന തരത്തിലാണ് ക്രമീകരണം

 ഡിസംബറിന് മുമ്പായി നിർമ്മാണം പൂർത്തിയാക്കി ഗൃഹപ്രവേശനം നടത്തും

ഒപ്പം പദ്ധതി മാതൃകാ പദ്ധതിയാകും. ആദ്യഘട്ടത്തിൽ 14 പഠിതാക്കൾക്ക് വീട് ലഭിക്കും. തുടർ വർഷങ്ങളിൽ കൂടുതൽപേർക്ക് ലഭിക്കുന്ന തരത്തിലാണ് ആലോചന.

ബിജു.കെ.മാത്യു, സിൻഡിക്കേറ്റ് അംഗം