കൊല്ലം: നെടുമ്പന ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയം പഞ്ചായത്ത് സെക്രട്ടറിയുടെ വിയോജിപ്പ് മറികടന്ന് സ്വകാര്യ വ്യക്തിക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ വിട്ടുനൽകിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവത്തകർ പഞ്ചായത്ത് മതിൽ ചാടിക്കടന്ന് പ്രതിഷേധ ഫുട്ബാൾ സംഘടിപ്പിച്ചു.
ഡി.സി.സി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ഉദ്ഘാടനം ചെയ്തു. നിരവധി ചെറുപ്പക്കാർ ജേഴ്സി അണിഞ്ഞ് പ്രതിഷേധ ഫുട്ബാളിൽ പങ്കാളികളായി. പ്രതിഷേധം തടയാൻ ഗേറ്റ് പൂട്ടി കണ്ണനല്ലൂർ, കൊട്ടിയം സ്റ്റേഷനുകളിലെ പൊലീസുകാർ പ്രതിരോധം ഉയർത്തി. പ്രവത്തകർ ഗേറ്റിന് മുന്നിൽ മുദ്രാവാക്യം വിളികളുമായി ഇടിച്ചുകയറാൻ ശ്രമിക്കുന്നതിനിടെ ഫൈസൽ കുളപ്പാടത്തിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകർ പഞ്ചായത്ത് ഓഫീസിന്റെ മതിൽ ചാടിക്കടന്ന് കോമ്പൗണ്ടിൽ ഫുട്ബാൾ കളിച്ച് പ്രതിഷേധിച്ചു.
കണ്ണനല്ലൂർ എസ്.എച്ച്.ഒ രാജേഷിന്റെ നേതൃത്വത്തിൽ സമരക്കാരുമായി ചർച്ച നടത്തിയ ശേഷമാണ് പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ നിന്ന് പ്രവർത്തകർ പുറത്തിറങ്ങിയത്. തുടർന്ന് പഞ്ചായത്ത് ഓഫീസിന് മുന്നിൽ യോഗം ചേർന്നു.
യൂത്ത് കോൺഗ്രസ് നെടുമ്പന മണ്ഡലം പ്രസിഡന്റ് തൗഫീഖ് വേപ്പിൻമുക്ക് അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അതുൽ പള്ളിമൺ, കണ്ണനല്ലൂർ സമദ് തുടങ്ങിയവർ നേതൃത്വം നൽകി.
സ്റ്റേഡിയം പാർക്കിംഗിന് വീട്ടുനൽകി
കുട്ടികൾ കളിക്കാനെത്തിയപ്പോൾ നിരവധി വാഹനങ്ങൾ
ചോദ്യം ചെയ്തപ്പോൾ പഞ്ചായത്തിന്റെ ഉത്തരവ് കാട്ടി
പ്രതിഷേധവുമായി കായിക പ്രേമികൾ രംഗത്ത്
യൂത്ത് കോൺഗ്രസ് ഫുട്ബാൾ തട്ടി പ്രതിഷേധിച്ചു
പാർക്കിംഗ് വാടക ₹ 2000
സ്വകാര്യ വ്യക്തിക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ പഞ്ചായത്ത് സ്റ്റേഡിയം വിട്ടുനൽകിയ
പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം നിയമലംഘനമാണ്.
ഫൈസൽ കുളപ്പാടം
ഡി.സി.സി ജനറൽ സെക്രട്ടറി