കൊല്ലം: ചന്ദനത്തോപ്പ് ഗവ. ബി.ടി.സിയിൽ ഹോട്ടൽ മാനേജ്മെന്റ് ട്രേഡുകളുടെ ആഭിമുഖ്യത്തിൽ 17ന് ഉച്ചയ്ക്ക് 12ന് ബിരിയാണി ഫെസ്റ്റ് നടത്തും. എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. പെരിനാട് പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ജയകുമാർ അദ്ധ്യക്ഷയാകും. ഹോട്ടൽ മാനേജ്മെന്റ് ട്രേഡുകൾ പഠിച്ചിറങ്ങുന്ന ട്രെയിനികളുടെ നൈപുണ്യം പ്രദർശിപ്പിക്കാനാണ് ഫുഡ്ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ബി.ടി.സി ട്രെയിനികളും വിവിധ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന പൂർവവിദ്യാർത്ഥികളും ഇൻസ്ട്രക്ടർമാരും ചേർന്നാണ് ഫെസ്റ്റ് ഒരുക്കുന്നത്. ഹൈദരാബാദി ബിരിയാണി, ഗ്രിൽഡ് ചിക്കൻ ബിരിയാണി, മാഞ്ഞാലി ബീഫ് ബിരിയാണി, കാശ്മീരി ബിരിയാണി എന്നിങ്ങനെ വിവിധതരം ബിരിയാണികളും ഷീക് കബാബ്, മിനി ബർഗർ, സമൂസ, പൈനാപ്പിൾ സൗഫ്ലെ, ഷാഹിതുക്കട തുടങ്ങിയ വിഭവങ്ങളും തയ്യാറാക്കും.
പ്രിൻസിപ്പൽ ജെ.ജെസി, സീനിയർ സൂപ്രണ്ട് കെ.വി.സുനിൽകുമാർ, സ്റ്റാഫ് സെക്രട്ടറി ശഷിംന, ശരവണൻ, ജയരാജ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.